നെടുന്പാശേരി: സൗദിയിൽ ഭാര്യയും നവജാതശിശുവും കോവിഡ് ബാധിച്ച് മരിച്ചതിന്റെ മനോവിഷമത്തിൽ നാട്ടിലെത്തിയ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
ചെങ്ങമനാട് കപ്രശേരി വലിയവീട്ടിൽ കുഞ്ഞുമോൻഉഷ ദന്പതികളുടെ മകൻ വിഷ്ണു (31) ആണു മരിച്ചത്.
സൗദി അറേബ്യയിലെ ഖത്തീഫിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന വിഷ്ണു വിവാഹശേഷം ഭാര്യ ഗാഥ (27) യെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നു.
ആറ് മാസം ഗർഭിണിയായിരിക്കെ ഗാഥയ്ക്കു കോവിഡ് ബാധിച്ചു. സൗദിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാകുകയും ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു.
കഴിഞ്ഞ ജൂലൈ 26നു ഭാര്യയും 28നു കുഞ്ഞും മരിച്ചു.
ദമാമിൽ ഭാര്യയുടെയും കുഞ്ഞിന്റെയും സംസ്കാരം നടത്തിയശേഷം കഴിഞ്ഞ മൂന്നിനാണ് വിഷ്ണു നാട്ടിലെത്തിയത്.
ഇന്നലെ രാവിലെ വിഷ്ണു എഴുന്നേൽക്കാൻ വൈകിയതോടെ വീട്ടുകാർ കിടപ്പുമുറിയുടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്.
കരങ്കുന്നം തടത്തിൽ മണിലാൽശോഭന ദന്പതികളുടെ മകളാണ് മരിച്ച ഗാഥ. വിനീഷ വിഷ്ണുവിന്റെ ഏക സഹോദരിയാണ്.