ചേര്‍ത്തല: സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വിരുതന് പിടിയില്‍.
തിരുവനന്തപുരം ചെമ്പഴന്തി ചെറുകുന്നം പങ്കജാമന്ദിരം വിഷ്ണു (27) ആണ് അര്‍ത്തുങ്കല്‍ പോലീസിന്റെ പിടിയിലായത്.
വിവാഹമോചിതരായ സ്ത്രീകളെയാണ് ഇയാള്‍ കൂടുതലായും കബളിപ്പിച്ചിരുന്നത്. വിവിധ ജില്ലകളിലായി നിരവധി യുവതികളെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ചേര്‍ത്തല തെക്കിലെ ഒരു യുവതി നൽകിയ പരാതിയെതുടര്‍ന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
വിവാഹമോചിതരായ ആളുകള്‍ അംഗങ്ങളായുള്ള മാട്രിമോണിയല്‍ വെബ്സൈറ്റിലൂടെ വിവരങ്ങള്‍ ശേഖരിച്ചശേഷം താന്‍ സര്‍ക്കാര്‍ ജോലിക്കാരനാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിക്കും.
തുടര്‍ന്ന് അവരുടെ വിശ്വാസം നേടിയെടുത്തശേഷം പലവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കും.
ചേര്‍ത്തല തെക്ക് സ്വദേശിനിയുടെ ഏഴുലക്ഷത്തിലധികം രൂപയും 26,000 രൂപയുടെ മൊബൈല്‍ഫോണും ഇങ്ങനെ ഇയാള്‍ തട്ടിയെടുത്തു.
വിവാഹമാട്രിമോണിയല് സൈറ്റില്‍ ഇയാളുടെ ഫോട്ടോയ്ക്കുപകരം ഫേസ്ബുക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത മറ്റൊരാളുടെ ഫോട്ടോയാണ് ഉപയോഗിച്ചത്.
പ്രൊഫൈലില്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെന്നും കാണിക്കും. ഇതില്‍ പലരും വിശ്വസിച്ചാണ് ചതിയില്‍പ്പെടുന്നത്.
ചേര്‍ത്തല തെക്ക് സ്വദേശിനി നൽകിയ പരസ്യം കണ്ടാണ് ഇയാള്‍ യുവതിയെ ബന്ധപ്പെടുന്നത്. മൊബൈല്‍ഫോണ്‍വഴി സൗഹൃദത്തിലാകുകയായിരുന്നു.
തുടർന്ന് പലതവണയായി ഗൂഗിള്‍പേ, ഫോണ്‍പേ, ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേന ഏഴു ലക്ഷത്തിലധികം രൂപ കൈക്കലാക്കുകയായിരുന്നു.
പിന്നീട് തട്ടിപ്പ് മനസിലാക്കിയ യുവതി ചേര്‍ത്തല ഡിവൈഎസ്പി ടി.ബി. വിജയന് നൽകിയ പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കല്‍ പോലീസ് കേസെടുക്കുകയായിരുന്നു.
അര്‍ത്തുങ്കല്‍ സ്റ്റേഷന് ഓഫീസര്‍ പി.ജി. മധുവിന്റെ നേതൃത്വത്തില്‍ എസ്ഐ ഡി. സജീവ്കുമാര്‍, ഉദ്യോഗസ്ഥരായ ആര്. ഷാം, എ.എന്‍. സുധി,
കെ.പി. ഗിരീഷ്, സി.എസ്. ശ്യാംകുമാര്‍, പി.ആര്. പ്രവീഷ്, എം. അരുണ്‍കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.