പരപ്പന അഗ്രഹാരത്തില്‍ മയക്കുമരുന്ന് വില്പനക്കിടെ പിടിയിലായ മലയാളി ദമ്പതികള്‍ മുമ്പ് മയക്കുമരുന്ന് കേസില്‍ പ്രതികളായവര്‍.
മാസങ്ങള്‍ക്ക് മുമ്പ് കോടികളുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലില്‍ കിടന്ന ദമ്പതികള്‍, ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുകയായിരുന്നു.
കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏഴു കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവര്‍ അറസ്റ്റിലായിരുന്നു.
എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ വീണ്ടും സജീവമാകുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ കൊണ്ടുവന്ന് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളാക്കി വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി.
മുഖ്യമായും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ബിസിനസ്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് ബിബിഎ പഠനം നടത്തുന്നതിനിടെയാണ് വിഷ്ണുപ്രിയയും സിഗില്‍ വര്‍ഗീസും പ്രണയത്തിലായത്.
പിന്നീട് വാടകവീടെടുത്ത് ഒരുമിച്ച് താമസമാരംഭിക്കുകയായിരുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റുകളായാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
ഇതിന്റെ മറവിലാണ് കോടികളുടെ ലഹരി വസ്തുക്കള്‍ വില്പന നടത്തിയിരുന്നത്. 2020 മുതല്‍ ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തി വരികയായിരുന്നു.
മാര്‍ച്ചില്‍ 7.76 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് ദമ്പതികളില്‍നിന്ന് കണ്ടെടുത്തത്. ബംഗളൂരു മഡിവാള സ്വദേശി വിക്രം എന്ന വിക്കി(23)യാണ് ദമ്പതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ ശേഖരിച്ച് സംസ്ഥാനത്തുടനീളമുള്ള ആവശ്യക്കാര്‍ക്ക് വിറ്റിരുന്നത്.
വിക്രമിനെ കഴിഞ്ഞ മാര്‍ച്ചില്‍ ബി.ടി.എം ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
ഇയാളുടെ മൊഴിയെത്തുടര്‍ന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പോലീസ് പരിശോധന നടത്തി 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.
ഇവര്‍ വന്‍ മയക്കുമരുന്ന് മാഫിയ സംഘത്തിലെ കണ്ണികളാണെന്നാണ് സൂചന. ബിബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം
ഇരുവരും സ്വകാര്യകമ്പനിയില്‍ ജോലിചെയ്തശേഷം പിന്നീട് ഫ്രീലാന്‍സായി ടാറ്റു ആര്‍ട്ടിസ്റ്റുകളായി മാറുകയായിരുന്നു.
ഇതോടെയാണ് ഹാഷിഷ് കച്ചവടവും പുതിയ തലത്തിലെത്തുന്നത്. ആഢംബര ജീവിതം നയിക്കാനാണ് ഇവര്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.