തലശേരി: പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയ (23) യെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം.
വിഷ്ണുപ്രിയയുടെ ആൺസുഹൃത്തായിരുന്ന കൂത്തുപറമ്പ് മാനന്തേരിയിലെ താഴെകളത്തിൽ ശശിധരന്റെ മകൻ എ. ശ്യാംജിത്തിനെ (25) യാണ് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കോടതി വിധി പറഞ്ഞത്.
ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ആറു മാസം കഠിന തടവും 449 പ്രകാരം 10 വർഷം കഠിന തടവും 25,000 പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവുമാണ് വിധിച്ചത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ജീവപര്യന്തം എന്നാൽ 14 വർഷം തടവല്ല, ജീവിതകാലം മുഴുവൻ തടവാണന്നും ഇളവു നല്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മാത്രമാണ് അധികാരമുള്ളതന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. വിഷ്ണുപ്രിയയുടെ കുടുംബ ത്തിന് നഷ്ടപരിഹാരം നല്കാൻ ലീഗൽ സർവീസ് അഥോറിറ്റിയോട് കോടതി ശിപാർശ ചെയ്തു.
2022 ഒക്ടോബർ 22ന് പകൽ 12ഓടെയാണ് വിഷ്ണുപ്രിയ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. വീട്ടിലുള്ള മറ്റുള്ളവർ അച്ഛന്റെ അമ്മ മരണപ്പെട്ട വീട്ടിൽ പോയ സമയത്ത് വീട്ടിൽ തനിച്ചായിരുന്ന വിഷ്ണുപ്രിയയെ ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടത്തിയത്. മറ്റൊരു ആൺസുഹൃത്തായ പൊന്നാനി പനമ്പാടിയിലെ വിപിൻരാജുമായി വീഡിയോ കോൾ വഴി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.
ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്ണുപ്രിയ വിപിൻ രാജിനോട് ഫോണിൽ പറയുകയും ശ്യംജിത്ത് വരുന്നതിന്റെ ചിത്രം മൊബൈലിന്റെ മുൻഭാഗത്തെ കാമറ ഉപയോഗിച്ച് പകർത്തുകയും ചെയ്തിരുന്നു. 13 സെക്കൻഡ് നീണ്ടുനിന്ന ഈ വീഡിയോ ആണ് കേസിൽ നിർണായകമായത്.
പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു വിഷ്ണുപ്രിയ. കല്യാണി നിലയത്തിൽ വിജയന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടു ത്തിയതും പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്യുന്നതും. പാനൂർ സിഐ യായിരുന്ന എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം 34 ദിവസം കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. റിക്കാർഡ് വേഗതയിലാണ് വിചാരണ പൂർത്തിയായത്.
102 രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 49 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ, പ്രതിയുടെ ബൈക്ക്, സിസിടിവി ദൃശ്യങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി 40 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ലീഡർ കെ. അജിത്ത് കുമാർ ആണ് ഹാജരായത്.
“ശിക്ഷ കിട്ടിയതിൽ സന്തോഷം”
“പ്രതിക്ക് ജീവപര്യന്തം കിട്ടിയതിൽ സന്തോഷമുണ്ട്, ഇനി അവളെ കാണാൻ ആവില്ലല്ലോ എന്ന സങ്കടമേ ഉള്ളൂ. നല്ല രീതിയിൽ തന്നെ ഇടപെട്ടതിന് എല്ലാവർക്കും നന്ദിയുണ്ട്.”- വിഷ്ണുപ്രിയയുടെ സഹോദരി വിപിന പറഞ്ഞു. മറ്റൊരു സഹോദരിയും വിധി കേൾക്കാൻ എത്തിയിരുന്നു.