കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും വിധിച്ചു. ശ്യാംജിത്ത് 2ലക്ഷം രൂപ പിഴയുമൊടുക്കണം. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നുമാണ് പ്രോസിക്യൂഷൻ പ്രതികരിച്ചത്.
ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്റെയും പാനൂരിൽ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2022 ഒക്ടോബര്‍ 22നാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. കാലങ്ങളായി വിഷ്ണുപ്രിയയും പ്രതിയും പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടി പിന്നീട് അതിൽ നിന്ന് പിൻമാറിയിരുന്നു. താനുമൊത്തുള്ള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചത് ശ്യാംജിത്തിന് അടങ്ങാത്ത പകയായി മാറി. അന്നു മുതൽ പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിനായി പ്രതി പദ്ധതികൾ മെനഞ്ഞു.
അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി ബന്ധുവീട്ടിൽ പോയ വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറുന്നതിനായി മറ്റുമായി സ്വന്തം വീട്ടിലേക്ക് തിരികെയെത്തി. വിഷ്ണുപ്രിയ വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി മാരകായുധങ്ങളുമായി പെൺകുട്ടിയുടെ വീടിനുള്ളിൽ കയറി കുത്തി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്. വൈകാതെ മരണം സംഭവിച്ചു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്.
യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പിടിയിലായപ്പോഴും പ്രതി പ്രതികരിച്ചതെന്ന് ഏറെ ശ്രദ്ധയേമാണ്. പ്രതിയുടെ പ്രതികരണവും അന്ന് ഏറെ വിവാദമായിരുന്നു. 25 വയസ് മാത്രമേ തനിയ്ക്കായുള്ളൂ, 14 വർഷത്തെ ശിക്ഷ മാത്രമേ ഉള്ളെന്ന് ഗൂഗിളിൽ കണ്ടിട്ടുണ്ട്. 39 വയസാകുമ്പോൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങും.ഒന്നും നഷ്ടപ്പെടാനില്ല എന്നായിരുന്നു ശ്യാംജിത്തിന്റെ പ്രതികരണം.