ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഹാക്കർ ലോഗ് ചെയ്തത് പാക്കിസ്ഥാനില് നിന്നാണെന്നും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു പിടിക്കാൻ സഹായിച്ചവർക്ക് നന്ദി പറയുന്നുവെന്നും വിഷ്ണു ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചു.
എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി.
ഇന്നലെ മുതൽ എന്റെ ഫെയ്സ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയയ്ക്കുകയും ചെയ്തതായി അറിഞ്ഞു.
ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും (ജിനു ബെൻ), ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനിൽ നിന്നാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. അശ്ലീലത നിറഞ്ഞ ചിത്രങ്ങളും പോസ്റ്റുകളുമാണ് പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ടത്. ഈ വിവരം പിന്നീട് വിഷ്ണു തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നു.