സീമ മോഹൻലാൽ
“”കണികാണുംനേരം കമലനേത്രന്റെ
നിറമേറും മഞ്ഞതുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ’’
ഒരിക്കലെങ്കിലും ഈ ഗാനം കേൾക്കാത്ത മലയാളികൾ കാണില്ല. ഗൃഹാതുരതയുടെ ഒളിമങ്ങാത്ത ഓർമകളുമായി ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു. കണിക്കൊന്നയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെയായി മലയാളികൾ വിഷുവിനെ എതിരേൽക്കാനുള്ള ഒരുക്കത്തിലാണ്. വിഷു ഒരു സംസ്കാരമാണ്. കാർഷികവൃത്തിക്ക് ആദരം നൽകുന്ന സംസ്കാരം കൂടിയാണിത്.
ആചാരവഴിയേ
കേരളത്തിന്റെ സ്വന്തം ആഘോഷമാണു വിഷു. വിഷു എന്നാൽ തുല്യമായത് എന്നർഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. രാത്രിയും പകലും സമമായ മേടമാസം ഒന്നാം തീയതിയാണു വിഷുവായി ആഘോഷിക്കുന്നത്. ഏപ്രിൽ 14-നാണു വിഷു. കേരളത്തിൽ വിഷുദിനം സൂര്യരാശി അനുസരിച്ചുള്ള പുതുവർഷമാണ്. വിഷു മലയാളിക്കു കാർഷികോത്സവത്തിന്റെ തുടക്കം കൂടിയാണ്. പണ്ടു വിഷു ദിനത്തിൽ വിഷുവെപ്പ് എന്നൊരു ചടങ്ങുണ്ടായിരുന്നു. നെല്ലും അരിയും എണ്ണയും നാളികേരവുമൊക്കെ തന്പുരാൻ കുടിയാന്മാർക്കു നൽകും. ഇങ്ങനെ തന്പുരാനിൽ നിന്നും ദ്രവ്യങ്ങൾ വാങ്ങുന്ന കുടിയാന്മാർ ആ കാർഷികവർഷം മുഴുവനും അദ്ദേഹത്തിനായി പണിയെടുക്കണമെന്നാണു വിശ്വാസം.
ഐതിഹ്യത്തേരിലെത്തുന്ന വിഷു
നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണു വിഷുവായി ആഘോഷിക്കുന്നതെന്നാണു വിശ്വാസം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയതു രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരേ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷം സൂര്യൻ നേരേ ഉദിച്ചതാണു വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസമുണ്ട്.
ഉത്ഭവം
ആദിദ്രാവിഡാഘോഷങ്ങളിൽപ്പെട്ട ഒരു ഉത്സവമാണ് വിഷു. മത്സ്യ മാംസാഹാരാദികൾ വർജ്ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമത സിദ്ധാന്തങ്ങൾക്ക് ചേരുന്നതാണെങ്കിൽ വിഷു അതിന് കടകവിരുദ്ധമാണ്. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളിൽ നിഴലിക്കുന്നു. അതിനാൽ ഓണത്തേക്കാൾ പഴക്കമുള്ള ആഘോഷമാണ് വിഷു എന്നു കരുതുന്നു.
വിഷു സംക്രാന്തി
ഒരു രാശിയിൽ നിന്നും അടുത്ത രാശിയിലേക്കു സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായതാണു മഹാവിഷു. വിഷുവിനു തലേന്നു വൈകുന്നേരം വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചു കളയും. വീടു ശുദ്ധിയാക്കി പുതുവർഷത്തെ വരവേൽക്കുകയാണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങും. ഓലപ്പടക്കം, കന്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പു തുടങ്ങി നിറപ്പകിട്ടാർന്ന വിഷുപ്പടക്കങ്ങൾ പൊട്ടിക്കുന്നതു കേരളത്തിൽ പതിവാണ്. ഇതു വിഷു നാളിലും പുലർച്ചെ കണികണ്ടശേഷവും വൈകിട്ടും തുടരും.
ആചാരങ്ങൾ
കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് വിഷുവും ഓണവും. ഓണം വിരിപ്പു കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
വിഭവങ്ങൾ
പണ്ടൊക്കെ വിഷു ആഘോഷം ആരംഭിക്കുന്നതുതന്നെ ഗൃഹനാഥൻ ചക്ക വെട്ടിയിടുന്നതോടെയാണ്. വിഷുവിനു നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണു വരിക്കച്ചക്ക. വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാകും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോടു കൂടിയ ചക്കക്കുരു, ചക്ക മട, ചക്കയുടെ ഏറ്റവും മുകളിലുള്ള മുള്ള് എന്നിവ എരിശ്ശേരിയിൽ ചേർക്കും.
വള്ളുവനാടു പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ചു പഴുത്ത പ്ലാവിലകൊണ്ടാണു തേങ്ങ ചിരകിയിട്ടു കഞ്ഞി കുടിക്കുന്നത്. ഇതിനൊപ്പം കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടാകും. തെക്കൻ പ്രദേശങ്ങളിൽ ഓണസദ്യയുടെ പോലുള്ള വിഭവസമൃദ്ധമായ സദ്യ വിഷുവിനും ഉണ്ടാകും.
തൃശൂർക്കാർക്കു വിഷുദിവസം രാവിലെ പ്രാതലിനു വിഷുക്കട്ട എന്ന വിഭവം നിർബന്ധമാണ്. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ചു ജീരകം ചേർത്തു വറ്റിച്ചാണു വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്കു മധുരമോ ഉപ്പോ ഉണ്ടാകാറില്ല. ശർക്കര പാനിയോ മത്തനും പയറും കൊണ്ടുളള കറിയോ ഉപയോഗിച്ചായിരിക്കും ഇതു കഴിക്കുക. ഉച്ചയ്ക്കു വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാന്പഴ പുളിശേരി നിർബന്ധം. ചക്ക എരിശേരിയോ ചക്കപ്രഥമനോ കാണും. ഓണസദ്യയിൽ നിന്നു വിഷുസദ്യക്കുളള വ്യത്യാസവും ഇതുതന്നെയാണ്.
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്…
കണിക്കൊന്നയ്ക്കു വിഷുവുമായി അഭേദ്യമായ ബന്ധമാണുള്ളത്. സ്വർണക്കിങ്ങിണികൾ വാരിവിതറിയതുപോലെ കൊന്നമരച്ചില്ലകളിൽ നിറഞ്ഞുനിൽക്കുന്ന കൊന്നപ്പൂക്കൾ വിഷുക്കാലത്തെ കാഴ്ചയാണ്. കേരളത്തിന്റെ സംസ്ഥാനപുഷ്പം കൂടിയാണു കണിക്കൊന്ന.
കണിയൊരുക്കൽ
വിഷുപ്പുലരിയിൽ ഭഗവാനെ കാണുന്ന ചടങ്ങാണു വിഷുക്കണി. വിഷുവിന്റെ പ്രധാനപ്പെട്ട ആഘോഷവും ഇതുതന്നെയാണ്. മംഗളകരമായ ഒരു വർഷത്തിന്റെ തുടക്കമായിട്ടാണ് ഇതിനെ കാണുന്നത്. വീട്ടിലെ മുതിർന്ന സ്ത്രീകൾക്കാണു വിഷുക്കണിയൊരുക്കാനും അതു കാണിക്കുവാനുമുള്ള ചുമതല. കഴിഞ്ഞ വർഷത്തെ പ്രതിസന്ധികളെ മറികടക്കാൻ ആദ്യം കാണുന്ന വിഷുക്കണിക്കു കഴിയുമെന്നാണു വിശ്വാസം. പൂജാമുറിയിലോ അതുപോലെ ശുദ്ധമായ മറ്റെതെങ്കിലും മുറിയിലോ ആണു കണിയൊരുക്കുന്നത്. ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കിനുമുന്നിലൊരുക്കിയ ഓട്ടുരുളിയിലാണു കണിയൊരുക്കുന്നത്. മഞ്ഞപ്പട്ടണിഞ്ഞ ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്നിൽ ആവണിപ്പലകയിൽ ഓട്ടുരുളി വയ്ക്കും.
വരും വർഷത്തിൽ ആഹാരത്തിനും വസ്ത്രത്തിനും മുട്ടില്ലാതിരിക്കാൻ അരിയും മഞ്ഞളും ചേർത്ത മിശ്രിതവും കോടിമുണ്ടുമാണു ഉരുളിയിൽ ആദ്യം വയ്ക്കുന്നത്. തുടർന്ന് ഓട്ടുകിണ്ടി വച്ച് അതിന്റെ വാലിൽ ഒരു വാൽക്കണ്ണാടി ഉറപ്പിക്കണം. പൊന്നും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, നാളികേരപ്പാതി, ചക്ക, മാങ്ങ, വെളളിപ്പണം ഇവയൊക്കെ വച്ചാണു കണിയൊരുക്കുന്നത്. കത്തിച്ച ചന്ദനത്തിരിയും വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാവണമെന്നാണു പഴമക്കാർ പറയുന്നത്. കണിക്കൊന്നപ്പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. കണിയൊരുക്കുന്ന മുറി നിറയെ കണിക്കൊന്നപ്പൂക്കൾകൊണ്ട് അലങ്കരിക്കും. ചില സ്ഥലങ്ങളിൽ കറിക്കൂട്ടും ഗ്രന്ഥവും വെള്ളിപ്പണം, ചക്ക, മാങ്ങ എന്നിവയും കണിക്ക് വയ്ക്കാറുണ്ട്. രാമായണമോ മഹാഭാരതമോ ആണ് ഗ്രന്ഥങ്ങളായി വയ്ക്കുന്നത്. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുന്പോൾ പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
കണികാണും നേരം
പുലർച്ചെ നാലു മുതൽ ആറുവരെയുള്ള ബ്രഹ്മമുഹൂർത്തത്തിലാണു കണികാണുന്നത്. വീട്ടിലെ മുതിർന്ന സ്ത്രീക്കുതന്നെയാണ് ഇതിനുള്ള അവകാശവും. പുലർച്ചെ കുളിച്ചു പുതുവസ്ത്രമണിഞ്ഞു നിലവിളക്കുകൊളുത്തിയാണു വീട്ടമ്മമാർ കണികാണുന്നത്. അതിനുശേഷം മുതിർന്ന കുടുംബാംഗത്തിൽ തുടങ്ങി കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികൾ വരെ എന്ന ക്രമത്തിലാണു കണികാണിക്കുന്നത്. ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണു കണികാണിക്കുക. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടശേഷം വീടിന്റെ കിഴക്കുവശത്തു കണികൊണ്ടുചെന്നു പ്രകൃതിയെ കണികാണിക്കും. അതിനുശേഷം ഫലവൃക്ഷങ്ങളെയും വീട്ടുമൃഗങ്ങളെയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം
കണികണ്ടശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്കു നൽകുന്ന സമ്മാനമാണു വിഷുക്കൈനീട്ടം. ആദ്യകാലങ്ങളിൽ സ്വർണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു നൽകിയിരുന്നത്. വർഷം മുഴുവനും സന്പൽസമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ചുകൊണ്ടാണു കൈനീട്ടം നൽകുന്നത്. പ്രായമായവർ പ്രായത്തിൽ ഇളയവർക്കാണു സാധാരണ കൈനീട്ടം നൽകുന്നതെങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.