ആറ്റിങ്ങൽ: കേരള സംസ്ഥാന ലോട്ടറിയുടെ വിഷു ബംപർ ജേതാവിനെ തിരച്ചറിഞ്ഞു. റിട്ട. ഹെഡ്മാസ്റ്ററായ ആറ്റിങ്ങല് അവനവഞ്ചേരി എ.കെ.ജി.നഗര് ഷെറിന്വില്ലയില് എം. റസലൂദീന് (70) ആണു ഭാഗ്യവാൻ. എസ്.ബി. 215845 എന്ന നമ്പരിലുളള ടിക്കറ്റിനാണ് സമ്മാനം കിട്ടിയത്.
ആറ്റിങ്ങല് അമര് ആശുപത്രി റോഡില് ലോട്ടറി വില്പന നടത്തുന്ന ചിറയിന്കീഴ് ആനത്തലവട്ടം പട്ടത്താനം വീട്ടില് ശശികുമാറില്നിന്നാണ് റസലുദീന് ടിക്കറ്റ് വാങ്ങിയത്. ആറ്റിങ്ങല് ഭഗവതി ലോട്ടറി ഏജന്സിയുടെ ചിറയിന്കീഴ് വലിയകടയിലുളള കേന്ദ്രത്തില് നിന്ന് ടിക്കറ്റെടുത്ത് വില്പന നടത്തുന്നയാളാണു ശശികുമാര്.
24 ന് ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. സമ്മാനംകിട്ടിയ കാര്യം റസലുദീന് ആരോടും പറഞ്ഞില്ല. ടിക്കറ്റ് വെള്ളിയാഴ്ച രാവിലെ കാനറാബാങ്കിന്റെ ആറ്റിങ്ങല് ശാഖയില് ഏല്പിച്ചു. നടപടികള്പൂര്ത്തിയാക്കിയശേഷം ബാങ്ക്മാനേജര് ഭഗവതി ലോട്ടറി ഏജന്സിയില് വിവരമറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
വെണ്പകല് ഗവ.എൽപിജിഎസില് നിന്ന് 2001 ലാണ് റസലൂദീന് വിരമിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കാറില്ല. നേരത്തേ 500 രൂപവരെയുളള സമ്മാനങ്ങള് ലഭിച്ചിട്ടുണ്ട്. പെന്ഷന്മാത്രമാണ് ഇപ്പോള് ഉപജീവനമാര്ഗം.
മകളുടെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ടുളള കടങ്ങള് തീര്ക്കാന് കഴിയാതെ വിഷമിക്കുമ്പോഴാണ് ബമ്പര്സമ്മാനം ലഭിച്ചത്. ഷാനിഫയാണ് ഭാര്യ. മകന്: ഷെറിന് ഗള്ഫിലാണ്. മകള്: സിമി.
സമ്മാനാര്ഹമായ ടിക്കറ്റ് വിറ്റതിന് ഏജന്സി കമ്മീഷനായി 40 ലക്ഷം രൂപ ലഭിക്കും. ഇതില് നികുതി കഴിച്ചു ലഭിക്കുന്ന തുക ടിക്കറ്റ് വിറ്റ ശശികുമാറിന് നല്കുമെന്ന് ഭഗവതിലോട്ടറി ഏജന്സി ഉടമ തങ്കരാജ് പറഞ്ഞു.
വിഷുബംപര് ഭാഗ്യവാനെ തിരിച്ചറിഞ്ഞ ദിവസം ഭഗവതിലോട്ടറിക്ക് മറ്റൊരു ഒന്നാം സമ്മാനം കൂടിലഭിച്ചു. നിര്മല് ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ഭഗവതി ഏജന്സിയുടെ പഴവങ്ങാടിയിലെ കൗണ്ടര്വഴിവിറ്റ ടിക്കറ്റിനാണു ലഭിച്ചത്.എന്എം 528341 നമ്പര് ടിക്കറ്റിനാണ് സമ്മാനം. ഈ ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂഇയര് ബംപറായ നാല് കോടി രൂപ ഭഗവതിലോട്ടറി ഏജന്സി വഴി വിറ്റ ടിക്കറ്റിനായിരുന്നു.