ഷാഫി ചങ്ങരംകുളം
എടപ്പാൾ: സിനിമാ ആസ്വാദകർക്കും ആരാധകർക്കും പ്രതീക്ഷ അർപ്പിച്ചു കൊണ്ട് മമ്മുട്ടിയുടെ ദി ഗ്രേറ്റ് ഫാദറിനൊപ്പം, രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻപണം കൂടി തീയറ്ററുകളിലെത്തി. അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുന്ന നിവിൻ പോളിയുടെ സഖാവ് കൂടി തീയറ്ററിൽ എത്തുന്നതോടെ സിനിമാസ്വാദകർക്ക് മനം നിറയും.
പുലിമുരുകൻ എന്ന സൂപ്പർ ചിത്രത്തിന്റെ വന്പൻ വിജയത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ തീയറ്ററിലെത്തിയ മോഹൻലാൽ ചിത്രമായ 1971ന് പ്രതീക്ഷിച്ച സ്വീകരണം ലഭിച്ചിട്ടില്ലെങ്കിലും ഇപ്പോഴും ആരാധകരുടെ തള്ളിക്കയറ്റം തുടരുന്നുണ്ട്.
മാസങ്ങൾക്ക് ശേഷം ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ദിലീപിന്റെ ജോർജേട്ടന്റെ പൂരം മുഴുനീള കോമഡി ചിത്രമായത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ റിലീസ് ചെയ്ത മറ്റൊരു വിഷു ചിത്രമായ ടേക്ക് ഓഫ് തിയറ്ററുകൾ നിറഞ്ഞോടുന്നുണ്ട്.
രാവിലെ ഒൻപതു മണിക്ക് തന്നെ പല തീയറ്ററുകളിലും ഷോ തുടങ്ങുന്നത് കൊണ്ട് തന്നെ പുലർച്ചെ മുതൽ തന്നെ തീയറ്ററുകൾക്ക് മുന്നിൽ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പുത്തൻ പണം നിലവിലെ മമ്മുട്ടി പടങ്ങളുടെ റെക്കോർഡ് തിരുത്തുമോ എന്ന പ്രതീക്ഷയിലാണ് മമ്മുട്ടി ആരാധകർ.
സർവകാല റെക്കോർഡുകൾ മറികടന്ന പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം തീയറ്ററുകൾ വീണ്ടും നിറഞൊഴുകുമെന്നാണ് തീയറ്റർ ഉടമകളുടെ പ്രതീക്ഷ. മോഹൻലാലിന്റെ പുതിയ ചിത്രത്തിനു എടപ്പാളിൽ മാത്രം നാല് തീയറ്ററുകളിൽ ഷോ ഉണ്ടായിട്ടും തീയറ്ററുകളിൽ നല്ല തിരക്കാണ്.
ഇതിനിടെ ഓണ്ലൈൻ വഴി ടിക്കറ്റുകൾ വിറ്റു തീർക്കുന്നത് സിനിമാ പ്രേമികളെ വലക്കുന്നുമുണ്ട്. ജനപ്രീതിയുള്ള അടിപൊളി പടങ്ങൾക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും നെഞ്ചിലേറ്റുന്ന മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ് റിലീസിന് എത്തിയിരിക്കുന്നത്.ഏറെ കാലത്തിന് ശേഷം തീയറ്ററുകൾക്ക് മുന്നിൽ അനുഭവപ്പെടുന്ന തിരക്ക് തീയറ്റർ ഉടമകൾക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.