മലയാളിയുടെ വിഷു ആഘോഷം ഗംഭീരമാക്കാൻ ഇമോജിക്കണിയൊരുക്കി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായി ട്വിറ്റർ. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി കൈയിൽ ദീപനാളമേന്തി സ്ത്രീ -പുരുഷന്മാരുടെ ചിത്രമാണ് ട്വിറ്റർ ഇമോജിയായി അവതരിപ്പിച്ചിരിക്കുന്നത്. വിഷുപ്രമാണിച്ചു പ്രത്യേകം തയാറാക്കിയ ഈ ഇമോജി ഇന്ന് ഒൻപതു മുതൽ ഏപ്രിൽ 15 വരെ ട്വിറ്റർ ഉപയോക്താക്കൾക്കു ലഭ്യമാകും.
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ അടക്കമുള്ള താരങ്ങൾ വിഷു ഇമോജി ആഘോഷത്തിനു തുടക്കമിടുമെന്ന് ട്വിറ്റർ അറിയിച്ചു. ഇമോജിക്കു പുറമേ മലയാളത്തിൽ വിഷു ആശംസ്കൾ എന്നെഴുതിയ ഹാഷ്ടാഗ് ഉപയോഗിക്കാനും ട്വിറ്റർ സംവിധാനമൊരുക്കിയിട്ടുണ്ട്. നേരത്തെ ഗണേശ ചതുർഥി ഗുരുനാനാക് ജയന്തി, അംബേദ്കർ ജയന്തി, ദീപാവലി എന്നീ വിശേഷാവസരങ്ങളിലും ട്വിറ്റർ പ്രത്യേക ഇമോജികൾ സൃഷ്ടിച്ചിരുന്നു.
ഇവ തരംഗമായതോടെയാണ് മലയാളത്തിന്റെ വിഷു ആഘോഷത്തിനും ഇമോജിയുമായി ട്വിറ്റർ രംഗത്തെത്തിയത്. അടുത്ത ദിവസം നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ പുത്താണ്ട് ആഘോഷത്തിനും ട്വിറ്റർ സമാന ഇമോജിയും തമിഴിലുള്ള ഹാഷ്ടാഗും പ്രഖ്യാപിച്ചിട്ടുണ്ട്.