മലപ്പുറം: വിഷുവിന്റെ അവധി ദിനത്തിലും വോട്ടു തേടി വിശ്രമമില്ലാതെ സ്ഥാനാർഥികൾ. പാർട്ടി പ്രവർത്തകരെയും സുഹൃത്തുക്കളെയും വീട്ടിൽ ചെന്നു കണ്ടും വിഷു സദ്യയുണ്ടുമാണ് സ്ഥാനാർഥികൾ വിഷുദിനം ഉപയോഗപ്പെടുത്തിയത്.
മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലികുട്ടി ഇന്നലെ രാവിലെ മലപ്പുറത്തെ ഏതാനും സുഹൃത്തുക്കളുടെ വീടുകളിലെത്തി വിഷു ആശംസകൾ നേർന്നു. തുടർന്ന് മഞ്ചേരി, തൃക്കലങ്ങോട് ഭാഗങ്ങളിൽ പര്യടനം നടത്തി. ഇടതുസ്ഥാനാർഥി വി.പി.സാനുവും സൂഹൃത്തുക്കളെയും പാർട്ടി പ്രവർത്തകരെയും വീട്ടിലെത്തി കണ്ട് വിഷു ആശംസകൾ നേരുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു.
ബിജെപി സ്ഥാനാർഥി വി.ഉണ്ണികൃഷ്ണൻ മഞ്ചേരിയിലെ പാർട്ടി പ്രവർത്തകർക്കൊപ്പമായിരുന്നു വിഷു ദിനത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ ഇന്നലെ പര്യടനം നടത്തിയില്ല.
പാർട്ടി പ്രവർത്തകരെ ഫോണിൽ വിളിച്ച് അടുത്ത ദിവസങ്ങളിലെ പ്രചാരണ പരിപാടികൾ ആസുത്രണം ചെയ്യുകയായിരുന്നു. ഇടതുസ്വതന്ത്രൻ പി.വി.അൻവറിന് വിഷു ആഘോഷം തവനൂർ റസ്ക്യു ഹോമിലെ അന്തേവാസികൾക്കൊപ്പമായിരുന്നു. അവർക്കൊപ്പം വിഷു സദ്യകഴിച്ചാണ് അദ്ദേഹം മടങ്ങിയത്.