തൃശൂർ: വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വേനൽചൂടിൽ വെന്തുരുകുകയാണെങ്കിലും വിഷു ആഘോഷങ്ങൾക്കും ഒരുക്കുകൂട്ടങ്ങൾക്കും കുറവില്ല. തിങ്കളാഴ്ചയാണ് വിഷു. പച്ചക്കറി കടകളിലും പടക്ക വിൽപന ശാലകളിലുമെല്ലാം തിരക്കായിക്കഴിഞ്ഞു. വിഷുത്തലേന്നായ നാളെ തിരക്ക് അതിന്റെ പാരമ്യത്തിലെത്തും. പകൽ സമയങ്ങളെ അപേക്ഷിച്ച് കച്ചവടം ഉച്ചയ്ക്ക് ശേഷമാണ് നല്ല രീതിയിൽ നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പകൽ ചൂടിൽ വിഷു ഒരുക്കത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പലരും പുറത്തിറങ്ങുന്നില്ല. ഇന്നുവൈകുന്നേരത്തോടെ കച്ചവടം ഉഷാറാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കണിയൊരുക്കാനുള്ള ചക്കയും മാന്പഴവും മാങ്ങയും കണിവെള്ളരിയുമെല്ലാം വിപണിയിൽ സുലഭമാണ്. കണിക്കിറ്റ് തന്നെ ചിലയിടങ്ങളിൽ ലഭ്യമാണ്. കണിക്കൊന്ന പൂക്കളടക്കമുള്ളവയാണ് കണിക്കിറ്റ്.കൊന്നപ്പൂക്കൾ വിഷുത്തലേന്നിനും തലേദിവസം തന്നെ വിപണിയിൽ എത്തിക്കഴിഞ്ഞു. നാളെ പുലർച്ചെ മുതൽ നഗരത്തിലെങ്ങും കൊന്നപ്പൂ വിൽപ്പനക്കാരെത്തും. പലരും നേരത്തെ തന്നെ പൂക്കൾ വാങ്ങിവെക്കുന്നുണ്ട്.
കണികാണാനുള്ള ശ്രീകൃഷ്ണവിഗ്രഹങ്ങൾക്കും നല്ല ഡിമാന്റാണ്. പ്ലാസ്റ്റർ ഓഫ് പാരീസിലും കളിമണ്ണിലും നിർമിച്ച കൃഷ്ണ വിഗ്രഹങ്ങൾ പല വലുപ്പത്തിലും വർണങ്ങളിലും വിൽപനക്കെത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന കൃഷ്ണഭാവങ്ങളും കൗതുകം പകരുന്നു.റെഡിമെയ്ഡ് കണി സെറ്റും ഇത്തവണ വിപണിയിലെത്തിയിട്ടുണ്ട്. പൂർണമായി സജ്ജീകരിച്ച കണിസെറ്റ് വീട്ടിൽ കൊണ്ടുപോയി പൂജാമുറിയിൽ വെക്കുകയേ വേണ്ടു.
ഒറിജിനൽ കണിക്കൊന്നയെ വെല്ലും വിധം തുണികൊണ്ടുള്ള കണിക്കൊന്നയാണ് ഇപ്രാവശ്യം വിപണിയിലെ താരം. മുൻകാലങ്ങളെ അപേക്ഷിച്ച് പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ ഇത്തവണ കുറവാണ്. തുണികൊണ്ടുള്ള കണിക്കൊന്ന ഒരു കെട്ടിന് 20 രൂപയാണ് വില. ഒറിജിനൽ പൂവിന് 30 രൂപയാണ് ഇന്നു രാവിലത്തെ വില. വൈകുന്നേരത്തോടെ വില കൂടും. നാളത്തെ വിലയെന്താകുമെന്ന് പറയാനാകില്ലെന്ന് കച്ചവടക്കാർ.
തമിഴ്നാട്ടിൽ നിന്നെത്തുന്നതിന് പുറമെ നാടൻ കണിവെള്ളരി പ്രാദേശിക കൃഷിയിടങ്ങളിൽ നിന്നും എത്തുന്നുണ്ട്. നാടൻ വെള്ളരി കൃഷി ചെയ്യുന്ന ജില്ലയിലെ കൃഷിയിടങ്ങളിൽ നിന്നും പ്രാദേശിക വിപണിയിലും നഗരത്തിലും വെള്ളരി വന്നിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള വരവു വെള്ളരിക്കും ആവശ്യക്കാരുണ്ട്. കണിവെക്കുന്നതിന് ലക്ഷണമൊത്ത വെള്ളരിയും ചക്കയുമെല്ലാം വേണമെന്നതുകൊണ്ടുതന്നെ വിലപേശാൻ നിൽക്കാതെ നല്ല ഇനങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുന്നില്ല.
കിലോയ്ക്ക് 20 മുതൽ 40 രൂപവരെയാണ് വെള്ളരിയുടെ വില. പടക്കവിപണിയിലും തിരക്കേറിയിട്ടുണ്ട്. വിലക്കൂടുതലുണ്ടെങ്കിലും ആവശ്യക്കാരുണ്ട്.വിഷുവിന് കൈനീട്ടമായി ഒരു ഗ്രാമിന്റെ സ്വർണനാണയങ്ങൾ നൽകുന്ന പുതിയ ട്രെന്റുള്ളതിനാൽ ജ്വല്ലറികളിൽ തിരക്കുണ്ട്. പുതുവസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈൽ ഷോപ്പുകളിലും തിരക്കേറെ. സൂപ്പർതാരങ്ങളുടെ വിഷു സിനിമകൾ എത്തിയതോടെ തീയറ്ററുകളിലും ആഘോഷമാണ്.