സ്വന്തം ലേഖകൻ
തൃശൂർ: നാളെ വിഷുവാണ്. ആഘോഷത്തിമർപ്പില്ലാത്ത, ലോക്ക് ഡൗണിൽ ഇല്ലാതായ വിഷു. എന്നാലും ലോകമെങ്ങുമുള്ള മലയാളികൾ നാളെ വിഷു ആഘോഷങ്ങളില്ലാതെ ആഘോഷിക്കും.
ലോക്ക് ഡൗണ്‍ നീട്ടിയില്ലായിരുന്നെങ്കിൽ ഇത്തവണ വിഷു ആഘോ ഷവും കെങ്കേമമായി കൊണ്ടാടാനുള്ള ആഗ്രഹത്തിലായിരുന്നു മലയാളികൾ. എന്നാൽ ലോക്ക് ഡൗണ്‍ നീട്ടിയതോടെ എല്ലാ പരിപാടികളും പാളി.
ഇത്തവണ വിഷു പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ലളിതസുന്ദരമായി ആഘോഷിക്കാനേ കഴിയൂ എന്ന് ഉറപ്പായതോടെ അതിന്റെ പാച്ചിലിലാണ് ഇന്നു നാടും നഗരവും.
ഉള്ളതുകൊണ്ട്് ഓണംപോലെ എന്നത് ഇനി ഉള്ളതുകൊണ്ട് വിഷുപോലെ എന്നു തിരുത്തിപ്പറയാം. വിഷുത്തലേന്നുള്ള പതിവ് ഓട്ടപ്പാച്ചിൽ ഇത്തവണയില്ല.
അഞ്ചുമണിയാകുന്പോഴേക്കും കടകളൊക്കെ അടയ് ക്കും. പടക്കകടകൾ തുറക്കുന്ന കാര്യം ഇതുവരെയും തീരുമാനമായിട്ടില്ല. അല്ലെങ്കിൽ വിഷുവിനു രണ്ടു ദിവസം മുന്‍പേതന്നെ വീടുകളിൽ നിന്ന് ഓലപ്പടക്കം പൊട്ടുന്ന ശബ്ദം കേൾക്കും. വെടിമരുന്നിന്റെ ഗന്ധമില്ലാത്ത വിഷുസന്ധ്യകളാണിപ്പോൾ..
കണിയൊരുക്കാതെ എന്ത് വിഷു…പച്ചക്കറികൾ കിട്ടാത്ത അവസ്ഥയില്ല. മാർക്കറ്റിലേക്കു വന്നാൽ കണിയൊരുക്കാനുള്ളതെല്ലാം കിട്ടും. അതുകൊണ്ടു കണിയൊരുക്കൽ നടക്കും.
ശക്തനിൽനിന്ന് ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും പച്ചക്കറികൾ എത്തുന്നതുകൊണ്ട് കണിയൊരുക്കാനുള്ള പച്ചക്കറികളും പഴങ്ങളും കിട്ടാതെ വരില്ലെന്ന ആശ്വാസത്തിലാണ് ആളുകൾ.
പലചരക്ക് കടകളും തുറക്കുന്നതിനാൽ വിഷുസദ്യ ഒരുക്കാനും ബുദ്ധിമുട്ടുണ്ടാവില്ല. പതിവുപോലെ കണിക്കൊന്ന വില്പന അനുവദിക്കുമോ എന്നതാണ് ആളുകളുടെ സംശയം.
തല്ലിയും ഇരുന്പുതോട്ടിയിട്ട് വലിച്ചും വേദനിപ്പിച്ച് ഇത്തവണയെങ്കിലും പാവം കണിക്കൊന്നയെ വെറുതെ വിടുമോ എന്ന ചോദ്യത്തിനും ഇന്നുത്തരം കിട്ടും. വിഷുവെത്തും മുൻപേതന്നെ പലയിടത്തും കണിക്കൊന്നകൾ പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്.
കോവിഡ് ഭീതിയും ലോക്ഡൗണുമെല്ലാം ചേർന്ന് മലയാളിയുടെ വിഷുവിനെ ഇന്നേവരെ ഇല്ലാത്ത വിധം ഒതുക്കിക്കളയുന്നുണ്ടെങ്കിലും എന്തും അതിജീവിക്കാൻ കെൽപ്പുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്ത മലയാളി വിഷു വീട്ടകങ്ങളിലിരുന്ന് ആഘോഷമാക്കുമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനൊരുങ്ങുകയാണ്.