തിരുവനന്തപുരം : കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് കിഴക്കൻ യൂറോപ്യൻ രാജ്യമായ മോള്‍ഡോവയിലെ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആൻഡ് ഫാര്‍മസി (Nicole Testemitanu State University of Medicine and Pharmacy) വിസിറ്റിംഗ് പ്രഫസര്‍ പദവി നല്‍കി ആദരിച്ചു.
നിപ പ്രതിരോധം ഉള്‍പ്പെടെ ലോകത്താകമാനം ആരോഗ്യ മേഖലയില്‍ മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവച്ചത്തിനുള്ള ആദര സൂചകമായിട്ടാണ് ഈ ബഹുമതി എന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. പൊതുജനാരോഗ്യ രംഗത്തും സാമൂഹ്യ വിഷയങ്ങളിലും സ്വന്തം നിലയില്‍ വിഷയം നിശ്ചയിച്ച് ക്ലാസെടുക്കാനുള്ള സ്വതന്ത്ര അനുമതിയായാണ് വിസിറ്റിംഗ് പ്രഫസര്‍ പദവി യൂണിവേഴ്‌സിറ്റി നല്‍കിയിരിക്കുന്നത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് കെ.കെ. ശൈലജ ടീച്ചര്‍.
കേരളത്തിന്‍റെ ആരോഗ്യ രംഗത്തിനു ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി കെകെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലൂടെ നമ്മുടെ ആരോഗ്യ മേഖലയുടെ പുരോഗതി ലോകത്തെത്തിക്കാനും വിദേശരാജ്യങ്ങളിലെ ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ നമുക്കടുത്തറിയാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നവംബര്‍ മാസത്തില്‍ മോള്‍ഡോവ സന്ദര്‍ശന വേളയില്‍ മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഭാഷണം നടത്തിയിരുന്നു. നിപ പ്രതിരോധത്തിലും പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിലും കേരളത്തിന്‍റെ ആരോഗ്യ മേഖല സ്വീകരിച്ച നടപടികളാണ് പ്രധാനമായും പ്രഭാഷണത്തിലൂന്നിയത്. കേരളത്തിന്‍റെ ആരോഗ്യ നിലവാരം എങ്ങനെ ലോകനിലവാരമാക്കി എന്നതുസംബന്ധിച്ചും സംസാരിച്ചു. ചാന്‍സലര്‍ ഡോ. എമില്‍ സെബാന്‍, സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവവര്‍ മന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
120 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള യൂണിവേഴ്‌സിറ്റിയാണിത്. മോസ്‌കോയില്‍ നിന്നും 1945ലാണ് യൂണിവേഴ്‌സിറ്റി മോള്‍ഡോവയിലേക്ക് മാറ്റി സ്ഥാപിച്ചത്. 36 രാജ്യങ്ങളില്‍ നിന്നായി 6200 വിദ്യാര്‍ഥികളാണ് ഈ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നത്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ പൂര്‍ണ അംഗീകാരമുള്ള യൂറോപ്പിലെ ആദ്യ സര്‍വകലാശാല കൂടിയാണിത്. അമേരിക്കയിലെ കലിഫോര്‍ണിയ ഡെന്‍റല്‍ ബോര്‍ഡിന്‍റെ നേരിട്ടുള്ള അംഗീകാരവും ഈ യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഇത്രയേറെ പ്രശസ്തമായ യൂണിവേഴ്‌സിറ്റിയിലാണ് ഓരോ വര്‍ഷവും ക്ലാസെടുക്കാനുള്ള ആജീവനാന്ത അനുമതി ലഭിച്ചിരിക്കുന്നത്.