കൊല്ലം: ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയുടെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഐജി ഹർഷിത അട്ടലൂരി കൊല്ലത്തെത്തി.
വിസ്മയയുടെയും കിരണിന്റെ വീടുകളിലെത്തി കൂടുതൽ വിവരങ്ങൾ ഐജി ശേഖരിച്ചേക്കും. തുടർന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥരുമായി കേസിന്റെ പുരോഗതി വിലയിരുത്തും.
പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുമായും വരും ദിവസം സംസാരിക്കും. റിപ്പോർട്ട് ലഭിച്ചശേഷം മാത്രമെ പ്രതി കിരണിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുകയുള്ളു.
വിസ്മയ.വി.നായരുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ പോലീസ് ഇന്നലെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി. ഗാർഹിക പീഡന നിരോധനനിയമം, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
മോട്ടർവാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയേക്കും.
വിസ്മയ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിന് മൊഴിനൽകിയത്. നേരത്തെ മർദിച്ചിരുന്നതായും മരിച്ചതിന്റെ തലേദിവസം മർദിച്ചിട്ടില്ലെന്നും കിരൺ മൊഴിനൽകിയിരുന്നു.
വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാവുകയുള്ളൂ.
അതേസമയം വിസ്മയ ഒരിക്കലും ആത്മഹത്യചെയ്യില്ല എന്നാണ് സംഭവമറിഞ്ഞ് വിസ്മയയുടെ കൂട്ടുകാരി അശ്വതി ഗോപൻ പ്രതികരിച്ചത്.
എല്ലാകാര്യങ്ങളേയും പോസിറ്റീവായി കണ്ടിരുന്ന അവൾ ആത്മഹത്യചെയ്തുവെന്ന് പറഞ്ഞാൾ കൂട്ടുകാരായ ഞങ്ങളായും വിശ്വസിക്കില്ലെന്നും അശ്വതി വ്യക്തമാക്കി.
ആ കേസ് പുനരന്വേഷിക്കണം: വിസ്മയയുടെ കുടുംബം
കൊല്ലം: കിരൺ കുമാർ വിസ്മയയുടെ വീട്ടിലെത്തി അച്ഛനെയും സഹോദരനെയും മർദ്ദിച്ച കേസ് വീണ്ടും അന്വേഷിക്കണമെന്ന് വിസ്മയയുടെ കുടുംബം.
ജനുവരിയിൽ മദ്യപിച്ച് വിസ്മയയുടെ വീട്ടിലെത്തിയ കിരൺ കുമാർ വിസ്മയയുടെ അച്ഛനെയും സഹോദരൻ വിജിത്തിനെയും മർദ്ദിക്കുകയും ഇത് അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് കേസ്.
കിരൺ ജോലി ചെയ്തിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെത്തുടർന്നാണ് അന്ന് കേസിൽ നിന്ന് പുറകോട്ട് പോയതെന്നും കേസ് ഒത്തുതീർപ്പായതെന്നും വിസ്മയയുടെ അച്ഛൻ പറയുന്നു.
ഇനിയൊരു നിയമലംഘനമുണ്ടായാൽ വെറുതെ വിടില്ലെന്ന് എസ്ഐ പറഞ്ഞാണ് വിട്ടതെന്നും വിസ്മയയുടെ അച്ഛൻ പറയുന്നു.
കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന ഐജി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോടു പറഞ്ഞു.