പന്തളം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ പന്തളത്തെത്തിച്ചപ്പോള് പോലീസ് വാഹനത്തിനു ചുറ്റും ആളുകൾ കൂടി. തെളിവെടുപ്പ് കേന്ദ്രത്തിലും നിരവധിയാളുകള്‍ എത്തി. ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പന്തളത്തെത്തിച്ചത്.
ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ മരിച്ചത് സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന ബന്ധുക്കളുടെ പരാതിയിലാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റിലായിട്ടുള്ളത്.
പന്തളം ആയുര്‍വേദ മെഡിക്കല്‍ കോളജിലെ നാലാംവര്‍ഷ വിദ്യാര്‍ഥിനായിരുന്നു വിസ്മയ. വിസ്മയയെ കൂട്ടി കിരണ്‍കുമാര്‍ പോയിട്ടുള്ള പന്തളം വലിയകോയിക്കല്‍ തൂക്കുപാലത്തിലാണ് ആദ്യം കൊണ്ടുപോയത്.
തൂക്കുപാലത്തില്വച്ച് വിസ്മയെ കിരണ്‍കുമാര്‍ മുമ്പ് മര്‍ദിച്ചിരുന്ന വിവരം മാതാവ് പോലീസിനു മൊഴി നല്‍കിയിരുന്നു.
വാട്സ് ആപ്പില്‍ സുഹൃത്തുക്കളുമായി സംവദിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തിനു കാരണമായത്. വിസ്മയ പഠിച്ചിരുന്ന മന്നം ആയുര്‍വേദ മെഡിക്കല്‍ കോളജിലുമെത്തിച്ചു തെളിവെടുത്തു.
ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ വിസ്മയ സ്വന്തം വീട്ടിലേക്കു മാറുകയും വിവാഹമോചന നടപടികളുമായി മുന്നോട്ടു പോയിരുന്നതുമാണ്.
ഇതിനിടെ ഇയാള്‍ കോളജിലെത്തി വിസ്മയയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയിരുന്നു. മുമ്പും പല തവണ ഇയാള്‍ ഇവിടെയെത്തി വിസ്മയയെ കണ്ടിരുന്നു. ഇക്കാര്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കാനാണ് കിരണിനെ പന്തളത്തെത്തിച്ചത്.