കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്
വിസ്മയയുടെ സഹോദരനെ വധിക്കുമെന്നാണ് കത്തിലുള്ളത്.
അതേസമയം കത്ത് എഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടില്‍ കത്ത് ലഭിച്ചത്. കത്ത് വന്നത് പത്തനംതിട്ടയില്‍ നിന്നാണെന്നാണ് നിഗമനം. കേസില്‍ നിന്ന് പിന്മാറാന് എത്ര പണം വേണമെങ്കിലും തരാമെന്ന് കത്തില്‍ പറയുന്നു.
കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് വിസ്മയയുടെ വിധി തന്നെയാകും സഹോദരന് വിജിത്തിനുമെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് വിസ്മയയുടെ കുടുംബം ഇതുവരെ പ്രതികരിച്ചില്ല. കത്ത് പോലീസിന് കൈമാറി. ചടയമംഗലം പോലീസ് മൊഴിയെടുത്തു.
കേസ് വഴിതെറ്റിക്കാന്‍ ആരെങ്കിലും എഴുതിയതാകാം കത്തെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസമാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്. 102 സാക്ഷി മൊഴികള്‍, 56 തൊണ്ടിമുതലുകള്‍, 92 രേഖകള്‍, എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. 507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചത്.
ഇതുവരെ നടന്ന അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രിക്ക് നന്ദി പറയുന്നെന്നും വിസ്മയുടെ പിതാവ് പ്രതികരിച്ചു. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണ നടത്തണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം സമര്‍പ്പിച്ചു.
80 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നു എന്നത് അന്വേഷണ സംഘത്തിന് മികവാണ്. വിസ്മയയുടെ കൈത്തണ്ടയിലുണ്ടായിരുന്ന മുറിവില്‍ നിന്ന് ശേഖരിച്ച രക്തം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറി തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചുവെന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി ഊര്‍ജതന്ത്ര വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയും വിശലകനം നടത്തി.
സ്വാഭാവികമായി വാതില്‍ തുറക്കുന്നതും ബലമായി തകര്‍ക്കുന്നതും തമ്മിലുള്ള ഊര്‍ജ വ്യതിയാനം പരിശോധിക്കുന്നതിനായിരുന്നു ഈ പരിശോധന.
പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും.
കുറ്റപത്രം സമര്‍പ്പിക്കുന്നതിനൊപ്പം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിരണ്‍ കുമാറിനെ വിചാരണ നടത്താനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് ജാമ്യ സാധ്യത പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
സ്ത്രീധന നിരോധന നിയമം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടിക്കൂടിയാണ് അസാധാരണ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. കിരണിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.