വിവാഹത്തിനു മുമ്പും കിരണ്‍ വിസ്മയയെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി വിസ്മയയുടെ അമ്മ സജിത.
വിവാഹ നിശ്ചയത്തിനു ശേഷം സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആണ്‍കുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം എന്ന് സജിത പറയുന്നു.
വിസ്മയ പഠിക്കുന്ന കോളജില്‍ പലപ്പോഴും കിരണ്‍ കാണാന്‍ എത്തിയിരുന്നു. അന്ന് മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തു മാത്രമാണ് മകള്‍ തന്നോട് പറഞ്ഞത്.
വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം വിസ്മയയെ ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അവളുടെ വിഷമങ്ങള്‍ കൂട്ടുകാരികളോടാണ് അടുത്തിടെയായി കൂടുതലായി പറഞ്ഞിരുന്നത്.
ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കല്‍ കിരണിനോട് ചോദിച്ചതായി അവള്‍ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കില്‍ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി.
വിവാഹത്തിന് ശേഷം കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാര്‍ വേണമെന്നും പറഞ്ഞ് വീട്ടില്‍ വന്നു വഴക്കുണ്ടാക്കി.
അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറയുകയും വിവാഹത്തിന് ഞങ്ങള്‍ കിരണിനെ അണിയിച്ച മാല ഊരി എറിയുകയും ചെയ്തു.
അന്ന് വിസ്മയയെയും തടസ്സം പിടിച്ച സഹോദരന്‍ വിജിത്തിനെയും മര്‍ദിച്ചു. നാട്ടുകാര്‍ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയില്‍ വച്ചു പിടികൂടി.
മദ്യലഹരിയില്‍ അന്നു പൊലീസിനെയും ആക്രമിച്ചിരുന്നു. പിന്നീട് കുറേക്കാലം വിസ്മയ തങ്ങള്‍ക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു.
അന്ന് ഇനി ഭര്‍തൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചതാണ്. ഇതിനായി മാര്‍ച്ച് 25ന് സമുദായനേതാക്കള്‍ ഇടപെട്ടു ചര്‍ച്ച നിശ്ചയിച്ചു.
ഇതറിഞ്ഞു കിരണ്‍ വിസ്മയയെ വീണ്ടും ഫോണ്‍ ചെയ്തു തുടങ്ങി. തന്റെ ജന്മദിനത്തിനു മുന്‍പ് വീട്ടില്‍ തിരിച്ചു വന്നില്ലെങ്കില്‍ ഇനി ഒരിക്കലും വരേണ്ടെന്നു കിരണ്‍ പറഞ്ഞു.
അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജില്‍ പോയ വിസ്മയ, കിരണ്‍ അവിടെ ചെന്നു വിളിച്ചപ്പോള്‍ ഒപ്പം പോയത്. അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ.
അതിനും കിരണ്‍ പ്രശ്‌നമുണ്ടാക്കി. തങ്ങളെ വിവരങ്ങള്‍ അറിയിക്കാതിരിക്കാന്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു. സജിത പറയുന്നു.