അഞ്ചല്‍: ശാസ്താംകോട്ട പോരുവഴിയില്‍ ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ (24) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൊലപാതക സാധ്യത തള്ളാതെ അന്വേഷണ സംഘം.
അറസ്റ്റ് ചെയ്ത് ഇപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയിലുള്ള, മരിച്ച വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണിന്റെ മൊഴി പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.
കുളിക്കാൻ ഉപയോഗിക്കുന്ന ടൗവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ തൂങ്ങിമരിച്ചുവെന്നാണ് കിരണ്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
വെന്റിലേഷനിൽ തൂങ്ങിനിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയെന്നും കിരണിന്റെ മൊഴിയില്‍ പറയുന്നു.
ഇയാളുടെ മാതാപിതാക്കളും ഏറെക്കുറെ സമാനമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്. നിലവിളി കേട്ട് ഓടിയെത്തുമ്പോൾ വിസ്മയയ്ക്ക് കിരൺ പ്രഥമ ശുശ്രൂഷ നൽകുന്നതാണ് കണ്ടത് എന്നാണ് കിരണിന്റെ മാതാപിതാക്കള്‍ പറയുന്നത്.
എന്നാല്‍ സാഹചര്യത്തെളിവുകള്‍ കൊലപാതക സാധ്യത തള്ളിക്കളയുന്നില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം വിസ്മയയുടെ വീട് സന്ദര്‍ശിച്ച വേളയില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി സൂചിപ്പിക്കുകയും ചെയ്തു.
മരണത്തില്‍ എല്ലാ വശവും അന്വേഷിക്കുമെന്ന് പറയുന്ന അന്വേഷണ സംഘം വിസ്മയയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജനെ പോരുവഴിയിലെ വീട്ടില്‍ എത്തിച്ച് പരിശോധന നടത്താനും ആലോചിക്കുന്നുണ്ട്.
ഒപ്പം തന്നെ കിരണിന്റെ സഹോദരീ ഭര്‍ത്താവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. അയാളുടെ വീട്ടിൽ പോയി വരുമ്പോഴാണ് കിരണ്‍ വിസ്മയയെ കൂടുതലായി മര്‍ദിക്കുന്നതെന്നും ബന്ധുക്കളില്‍ ചിലര്‍ ആരോപിച്ചിരുന്നു.
വിസ്മയ ഉപയോഗിച്ചിരുന്ന ഫോണ്‍ കിരണ്‍ നശിപ്പിച്ചിരുന്നു. ഇത് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
സംഭവം നടന്ന തൊട്ടടുത്ത ദിവസങ്ങളിലും കിരണ്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ ഫോണ്‍ കോളുകളുടെ രേഖകളും സൈബര്‍ സെല്‍ സഹായത്തോടെ പരിശോധിക്കുന്നുണ്ട്.
ഇതെല്ലാം കൂടി വിശദമായി പരിശോധിച്ച ശേഷം മാത്രമാകും കിരണിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും വിശദമായി ചോദ്യം ചെയുക.
അതേസമയം അന്വേഷണം സംബന്ധിച്ച കാര്യമായ വിവരങ്ങള്‍ ഒന്നും പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.