സ്വന്തം ലേഖകൻ
തിരുവില്വാമല: മഴയെത്തും മുൻപേ നാലു ചുമരുകൾക്ക് മീതെ കരുതലിൻ മേൽക്കൂര ഉയർന്നു തുടങ്ങി. വിസ്മയ ഹാപ്പിയാണിപ്പോൾ.
അടച്ചുറപ്പുള്ള ഒരു വീട് എന്ന വർഷങ്ങളുടെ സ്വപ്നം തിരുവില്വാമല കണിയാർകോട് പള്ളിപ്പെറ്റ അപ്പുനായരുടേയും ഭാര്യ ഉഷാകുമാരിയുടേയും മക്കളുടേയും തലയ്ക്കു മുകളിൽ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്.
അയൽവീട്ടിലെ ടെറസിൽ അച്ഛനുമമ്മയ്ക്കുമൊപ്പം രാത്രി ഉറങ്ങേണ്ടി വന്ന വിസ്മയയുടെ കഥയറിഞ്ഞ സുമനസുകൾ വിസ്മയയുടെ ചുമരുകൾ മാത്രമുള്ള വീടിന് മേൽക്കൂര പണിതു നൽകുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
തിരുവില്വാമല ലയണ്‍സ് ക്ലബ്, വില്വാദ്രി പാന്പാടി ലയണ്‍സ് ക്ലബ്, വാട്സാപ്പ് കൂട്ടായ്മയായ കൈകോർത്ത് തിരുവില്വാമല എന്നിവർ ചേർന്നാണ് മേൽക്കൂരയും വാതിലും ജനലും നിർമിച്ച് നൽകുന്നത്. വൈദ്യുതി കണക്ഷനും എടുത്തു നൽകുന്നുണ്ട്.
വിസ്മയയുടെ ദുരിതകഥ രാഷ്ട്രദീപിക റിപ്പോർട്ടു ചെയ്തതിനെ തുടർന്നാണ് സഹായഹസ്തങ്ങളുമായി സംഘടകൾ വീടെന്ന് വിളിക്കാൻ കഴിയാത്ത ഈ നാലു ചുമരുകൾക്കുള്ളിലേക്കെത്തിയതും അതിനെ ഒരു വീടാക്കി മാറ്റുന്നതും.