കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് ധര്‍മടം അണ്ടല്ലൂര്‍ ചോമന്റെവിടെ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയ പങ്കെടുത്ത ടിവി റിയാലിറ്റി ഷോയുടെ എപ്പിസോഡുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഏഷ്യാനെറ്റിലെ സെല്‍മീ ദ ആന്‍സറില്‍ പങ്കെടുത്തിരുന്നു വിസ്മയ. തനിക്ക് മത്സരത്തിലൂടെ ലഭിക്കുന്ന പണം കൂലി തൊഴിലാളിയായ അച്ഛനെ അല്പമെങ്കിലും സഹായിക്കാനാകുമെങ്കില്‍ അതിലേറെ സന്തോഷം തനിക്ക് മറ്റൊന്നില്ലെന്ന് പരിപാടിയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. മുകേഷിനൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ബിജെപി അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.
തന്റെ വീട്ടില്‍ ടിവിയില്ലെന്നും അടുത്ത വീട്ടില്‍ നിന്നാണ് പരിപാടി കാണുന്നതെന്ന കാര്യം സെല്‍ മീ ദ ആന്‍സറില്‍ വിസ്മയ പങ്കുവയ്ക്കുന്നുണ്ട്. വിസ്മയയുടെ സഹോദരന് സാരംഗ് ഗോവയില്‍ ഏവിയേഷന്‍ കോഴ്സിന് പഠിക്കാന്‍ തയാറെടുക്കുകയായിരുന്നു. അതിനുള്ള പണത്തിനായി അച്ഛന് കഷ്ടപ്പെടുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും ഇവിടെ നിന്നു കിട്ടുന്ന പണം അച്ഛന് നല്‍കുമെന്നും എട്ടാംക്ലാസുകാരിയായ വിസ്മയ പരിപടിക്കിടെ പറഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് ബിജെപി അനുകൂല ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നത്.
സന്തോഷ് കുമാറിനെ (53) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുള്‍പ്പെടെ ആറ് സിപിഎം പ്രവര്‍ത്തകരെ ജില്ലാ പോലീസ് മേധാവി കെ.പി. ഫിലിപ്പ്, ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍, പാനൂര്‍ സിഐ കെ.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വ്യാപകമായ റെയ്ഡിലാണ് കൊലയാളി സംഘം പിടിയിലായത്. കൊല നടത്തിയത് എട്ടംഗ സംഘമാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി അണ്ടല്ലൂരിലെ രോഹന് (29), അണ്ടല്ലൂര്‍ മണപ്പുറം വീട്ടില്‍ മിഥുന് (27), അണ്ടല്ലൂര്‍ ലീലറാമില്‍ പ്രജുല്‍ (25), പാലയാട് ഷാഹിനം വീട്ടില്‍ ഷമില്‍ (26), പാലയാട് തോട്ടുമ്മല്‍ വീട്ടില്‍ റിജേഷ്(27), പാലയാട് കേളോത്ത് വീട്ടില്‍ അജേഷ്(27) എന്നിവരാണ് അറസ്റ്റിലായത്.
ഒരു വിവാഹ വീട്ടില്‍ വെച്ച് മദ്യപിച്ച ശേഷമാണ് എട്ടംഗ സംഘം രാത്രി പത്തോടെ സന്തോഷിന്റെ വീട്ടില്‍ എത്തിയത്. വാതില്‍ മുട്ടിയ ഉടന്‍ സന്തോഷ് വാതില്‍ തുറന്നു. എന്നാല്‍ ആയുധങ്ങളുമായി അക്രമികളെ കണ്ടതോടെ സന്തോഷ് വാതില്‍ അടച്ചു. തുടര്‍ന്ന് അക്രമികള്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്ന് സന്തോഷിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ഒരാള്‍ വാളു കൊണ്ട് കൊത്തുകയും മറ്റൊരാള്‍ കഠാര കൊണ്ട് കുത്തുകയും ചെയ്തതായി പ്രതികള്‍ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. ഒരു വിവാഹ വീട്ടില്‍ വച്ച് മദ്യപിച്ച ശേഷമാണ് എട്ടംഗ സംഘം രാത്രി പത്തോടെ സന്തോഷിന്റെ വീട്ടില്‍ എത്തിയത്. വാതില്‍ മുട്ടിയ ഉടന്‍ സന്തോഷ് വാതില്‍ തുറന്നു. എന്നാല്‍ ആയുധങ്ങളുമായി അക്രമികളെ കണ്ടതോടെ സന്തോഷ് വാതില്‍ അടച്ചു. തുടര്‍ന്ന് അക്രമികള്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്ന് സന്തോഷിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ഒരാള്‍ വാളു കൊണ്ട് കൊത്തുകയും മറ്റൊരാള്‍ കഠാര കൊണ്ട് കുത്തുകയും ചെയ്തതായി പ്രതികള്‍ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു.