കൊല്ലം: വിസ്മയ കേസിലെ പ്രതിയും മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ ഭര്ത്താവ് കിരണ്കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്സ് കോടതി 22ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വാദം കേൾക്കേണ്ടതിനാലാണ് മാറ്റിയത്.
കിരണ്കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി ഈമാസം 6ന് തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നതിനെതിരെ എപിപി നിരത്തിയ വാദഗതി കോടതി പ്രത്യക്ഷത്തിൽതന്നെ അംഗീകരിക്കുകയായിരുന്നു.
തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനെതുടർന്നാണ് ജില്ലാ സെഷന്സ് കോടതിയെ സമീപിച്ചത്. കൂടാതെ എഫ്ഐആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില് കേസ് നല്കുകയും ചെയ്തു.
പോലീസ് കസ്റ്റഡിയിൽ വാങ്ങിയ കിരണിന് കോവിഡ് ബാധയെ തുടർന്ന് അന്വേഷണം പൂർത്തിയാക്കുന്നതിന് മുന്പ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഇതിനിടയിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയിൽ നൽകിയ ഹർജി തെറ്റുതിരുത്തി നൽകാനായി തിരികെ നൽകി. ഈ ഹർജി 26ന് പരിഗണിച്ചേക്കും.
കഴിഞ്ഞ ജൂണ് 21ന് പുലര്ച്ചെ മൂന്നോടെയായിരുന്നു വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ കിരണ്കുമാറിന്റെ വീട്ടില് തൂങ്ങിമരിച്ച നിലയില് കാണപ്പെട്ടത്.
സ്ത്രീധനപീഡന മരണം മാത്രം ചുമത്തി കുറ്റപത്രം നല്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഗാര്ഹിക പീഡനം കൂടി ഉള്പ്പെടുത്താന് അന്വേഷണ ഉദ്യോഗസ്ഥര്ക്കിടയില് ധാരണയായിരുന്നു. ഇതനുസരിച്ച് കുറ്റപത്രം ഉടന്തന്നെ കോടതിയില് സമര്പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.