പ്രദീപ് ഗോപി
കൊല്ലം നിലമേലിലെ എസ്.വി. വിസ്മയ എന്ന പെണ്‍കുട്ടിയും ജീവനൊടുക്കിയതു സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് എന്നാണ് കുറ്റപത്രം. സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്.
വിസ്മയയുടെ ഭര്‍ത്താവും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ എസ്. കിരണ്‍ കുമാറിനെ സര്‍വീസില്‍നിന്നു പിരിച്ചു വിട്ടിരുന്നു.
സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും സാമൂഹ്യ വിരുദ്ധവും ലിംഗനീതിക്കു നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസിനും സത്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960ലെ കേരളാ സിവില്‍ സര്‍വീസ് ചട്ടം പ്രകാരമായിരുന്നു നടപടി.
കൊല്ലം ശൂരനാട് പോലീസ് 2021 ജൂണ്‍ 21ന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഭര്‍ത്താവായ എസ്. കിരണ്‍ കുമാറിന്റെ സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തരമായ കലഹത്താലും ശാരീരികവും മാനസികവുമായ ഉപദ്രവത്താലുമാണ് വിസ്മയ മരണപ്പെടാനിടയായതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനമാണിത്. ഇതേത്തുടര്‍ന്നാണ് എസ്. കിരണ്‍ കുമാറിനെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്.
നിയമാനുസൃതമായി നടത്തിയ അന്വേഷണത്തിന്റെയും എസ്. കിരണ്‍ കുമാറിനെ നേരിട്ട് കേട്ടതിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റാരോപിതന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതിനാല്‍ 1960ലെ കേരള സിവില്‍ സര്‍വീസ് ചട്ടപ്രകാരമാണ് എഎംവിഐ എസ്. കിരണ്‍ കുമാറിനെ സര്‍വീസില്‍നിന്നു പിരിച്ചു വിടുവാന്‍ തീരുമാനിച്ചത്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെത്തുടര്‍ന്ന് ഭാര്യ മരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പിരിച്ചു വിടുന്നത്.സ്ത്രീധനത്തിന്റെ പേരില്‍ മാത്രമാണോ കുടുംബങ്ങളിലെ വിള്ളലുകള്‍ വരുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്.
അല്ല എന്നാണ് ഉത്തരം അതിനു വേറെ നിരവധി കാരണങ്ങള്‍ ഉണ്ടെന്നു സമീപകാല സംഭവങ്ങള്‍ കാട്ടിത്തരുന്നുണ്ട്. ഭാര്യയ്ക്കു ഭര്‍ത്താവിലും ഭര്‍ത്താവിനു ഭാര്യയിലും ഉണ്ടായ സംശയരോഗങ്ങള്‍ പലപ്പോഴും കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ച എത്ര അനവധി ഉദാഹരണങ്ങള്‍ ഇവിടെ ഉണ്ടായിരിക്കുന്നു.
സമൂഹമാധ്യമങ്ങളും കുടുംബ ബന്ധങ്ങളില്‍ വില്ലനായി മാറിയിരിക്കുന്നു. ആരാണെന്നോ എന്താണെന്നോ അറിയാത്തവരെ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സ്വന്തം മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു പോകുന്ന സ്ത്രീകള്‍… സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭര്ത്താക്കന്മാര്… ഇതിനും ഉദാഹരങ്ങള്‍ അനവധി… ചിലര്‍ സ്വന്തം മക്കളെ കൊന്നിട്ടു പോലും പുതിയ സുഖം തേടി പോകുന്നു!
പണ്ടൊക്കെ കുടുംബം എന്നു പറഞ്ഞാല്‍ അച്ഛന്… അമ്മ… മക്കള്‍… മരുമക്കള്‍… കൊച്ചുമക്കള്‍… ഇതായിരുന്നു കുടുംബം. സന്ധ്യയായാല്‍ നാമജപം, കുരിശുവരയ്ക്കൽ ഒക്കെയായി ഇവരെല്ലാം തമ്മില്‍ കുടുംബബന്ധത്തിന്റെ പവിത്രത കാത്തു സൂക്ഷിച്ചു പോന്നിരുന്നു. ഇന്ന് ഇതെല്ലാം വാക്കുകളില്‍ മാത്രമായി, പ്രവൃത്തികളില്‍ ഇല്ലാതായിരിക്കുന്നു…
(തുടരും)
കുടുംബമെന്ന കൂട്ടായ്മ…
പായുന്ന പാച്ചിലില്‍ പാറിപ്പോകുന്നതു പലപ്പോഴും തിരികെ കിട്ടാറില്ല, അത് എന്നേക്കുമായി നഷ്ടമായിട്ടുണ്ടാവും. പിന്നീട് ഒരിക്കലും തിരികെ കിട്ടാത്ത നഷ്ടം നൊമ്പരമായി, വേദനയായി കൂടെയുണ്ടാവും. ആര്‍ത്തലച്ചുള്ള പാച്ചിലിനിടയില്‍ മലയാളികള്‍ക്ക് ഏറ്റവുമധികം കൈവിട്ടു പോകുന്നത് കുടുംബമാണ്, കുടുംബ ബന്ധങ്ങള്‍ ആണ്.
ഒരുകാലത്ത് പാശ്ചാത്യരുടെ അദ്ഭുതമായിരുന്നു ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളികളുടെ കുടുംബ ജീവിതം. ഒരായുസില്‍ ഒരു പങ്കാളിയും ഒരു കുടുംബവുമെന്ന പവിത്രമായ മലയാള കുടുംബസങ്കല്പം അത്രമേല്‍ അദ്ഭുതമായിന്നു അവര്‍ക്ക്.
എന്നാല്‍, മറ്റെന്തുമെന്നപോലെ വിവാഹമോചനത്തിന്റെ കാര്യത്തിലും നാം പാശ്ചാത്യരെ തോല്‍പ്പിച്ചു തുടങ്ങിയിരിക്കുന്നു. കൂട്ടു കുടുംബത്തില്‍ നിന്നും അണു കുടുംബത്തിലേക്ക് മാറിയ നമ്മള് ഇപ്പോള്‍ ഒരു കുടുംബത്തില്‍ നിന്ന് “പല കുടുംബമെന്ന’ രീതിയിലേക്ക് മാറി കൊണ്ടിരിക്കുന്നു.നമ്മുടെ കുടുംബക്കോടതികളില്‍ പെരുകുന്ന കേസുകളുടെ പിന്നില്‍ തകരുന്ന കുടുംബങ്ങളുടെ കണ്ണീര് കഥകളാണുള്ളത്.
മാന്യതയുടെ മുഖം മൂടി അണിയുന്ന മദ്യപാന സംസ്കാരവും സോഷ്യല്‍ മീഡിയയില്‍ മുങ്ങി കുടുംബത്തിലെ ജൈവ ബന്ധങ്ങളുടെ പ്രാധാന്യം മറന്നു പോകുന്നതും വിവാഹമോചന കേസുകളുടെ എണ്ണം പെരുപ്പിക്കാന്‍ മത്സരിക്കുന്നു. ചിലരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ കുടുംബമെന്നാല് ജോലിക്കും പണത്തിനും പദവിക്കും സാമൂഹ്യ ബന്ധങ്ങള്‍ക്കും താഴെ മാത്രം സ്ഥാനം വരുന്ന ഒന്നായി മാറിയിട്ടുണ്ട്.
ഇങ്ങനെ കണ്ടു വരുന്ന പുതിയ തലമുറയും മേല്‍പ്പറഞ്ഞതുതന്നെ ആവര്‍ത്തിക്കുമ്പോള്‍, കേരളത്തില്‍ കുടുംബക്കോടതികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിപ്പിക്കേണ്ടി വരും.മറ്റെന്തിനേക്കാളുമുപരി കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് നമ്മുടെ ഏറ്റവും വലിയ തണല്‍ എന്നു നാം തിരിച്ചറിയണം.
നമ്മുട തായ്വേരുകളായ കുടുംബം തകര്‍ന്നാല്‍ നാം അപ്പാടെ നിലംപതിക്കും എന്ന് നാം തിരിച്ചറിയണം. പരസ്പര സ്നേഹത്താല്‍ ചുറ്റി വലിഞ്ഞിരിക്കുന്ന കുടുംബമെന്ന കൂട്ടായ്മയോടു ചേര്‍ന്നു നില്ക്കുമ്പോള് ഒരു കൊടുങ്കാറ്റിനും നമ്മളെ വീഴ്ത്താനാവില്ല എന്ന തിരിച്ചറിവ് കുടുംബ ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കാന്‍ എല്ലാവര്ക്കും പ്രചോദനമാകട്ടെ…
ദിലീപ് കൈതയ്ക്കല്‍
(ഡയറക്ടര്‍ ആന്‍ഡ് ഫാമിലി കൗണ്‍സലർ, ആക്ടീവ് മൈന്ഡ്ക്ലിനിക് കോട്ടയം)