കൊല്ലം: നിലമേൽ കൈതോട് സ്വദേശിനി വിസ്മയ ഭർത്തൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഭർത്താവ് കിരൺകുമാറിനെതിരായ മർദന കേസ് പുനരന്വേഷിക്കുന്നതിൽ നിയമോപദേശം തേടും.
വിസ്മയുടെ നിലമേലിലെ വീട്ടിൽവച്ച് വിസ്മയയേയും സഹോദരൻ വിജിത്തിനേയും മർദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കുന്നതിനാണ് അന്വേഷണസംഘം നിയമോപദേശം തേടുക.
കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു സംഭവം. അന്ന് ചടയമഗലം പോലീസ് കേസെടുത്തെങ്കിലും മോട്ടോർവാഹന വകുപ്പിലെ ഉന്നതർ ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കി.
ഈ കേസ് പുനരന്വേഷിക്കണമെന്ന് വിസ്മയുടെ കുടുംബം ഐ.ജി ഹർഷിത അട്ടല്ലൂരിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ പുനരന്വേഷണ സാധ്യത പരിശോധിക്കുന്നത്.
നിയമോപദേശം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു. ഇനി കിരൺകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിടാനുള്ള സാധ്യത കുറവാണ്.
കോവിഡ് ബാധയെത്തുടർന്ന് കിരണിന്റെ കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷനൽകാൻ അന്വേഷണസംഘത്തിനായില്ല.
എത്രയും പെട്ടെന്ന് കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.
ഇതിനിടയിൽ അഞ്ചൽ ഉത്ര കൊലക്കസിലെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജി മോഹൻ രാജിനെ വിസ്മയ കേസിലും നിയോഗിക്കണമെന്ന ആവശ്യവുമായി വിസ്മയയുടെ കുടുംബം രംഗത്തുവന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു നിവേദനം നൽകി. കേസിൽ പൊലിസ് നിർദേശിച്ച സ്പെഷൽ പ്രോസിക്യൂട്ടർ പട്ടികയിലും ജി. മോഹൻ രാജിനാണ് പ്രഥമ പരിഗണന.