കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കൾക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു പുലർച്ചെ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബന്ധുക്കൾ വീട്ടിൽ എത്തുന്നതിന് മുമ്പ് മൃതദേഹം ഇവിടെനിന്നും മാറ്റിയെന്നും യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. അതേസമയം, സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറൽ എസ്പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.