കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ 23ന് വിധിപറയും.
നാല് മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസിൽ വിധിപറയുന്നത്. കേസിൽ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം പൂർത്തിയായി.
കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്ത് മുമ്പാകെയാണ് വാദം പൂർത്തിയായത്.
2021 ജൂൺ 21നാണ് ഭർത്തൃവീട്ടിലെ ശുചിമുറിയിൽ നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകൾ വിസ്മയ(24)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കിരൺ കുമാർ മാത്രമാണ് പ്രതി
കേസിൽ ഭർത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
കിരൺ കുമാറിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീപീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ ഉൾപ്പെടെ ഒമ്പത് വകുപ്പുകളാണ് കിരൺ കുമാറിനെതിരേ ചുമത്തിയിട്ടുള്ളത്.
പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചു. 120 രേഖകളും 12 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗത്തുനിന്നും രണ്ടു സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകൾ ഹാജരാക്കുകയും ചെയ്തു.
507 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷി മൊഴികൾ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു.
ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയാറാക്കിയ കുറ്റപത്രത്തിൽ വിസ്മയയുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കിരൺ കുമാർ മാത്രമാണ് പ്രതി. കഴിഞ്ഞ ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ തെളിവ് നിരത്തി വാദിച്ചു.
ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
എന്നാൽ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാൻ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പ്രതി കിരണിന്റെ പിതാവ് സദാശിവൻ പിള്ള, സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ ഉൾപ്പെടെ അഞ്ച് സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജും പ്രതിക്ക് വേണ്ടി പ്രതാപചന്ദ്രൻ പിള്ളയുമാണ് കോടതിയിൽ ഹാജരായത്.