അഞ്ചല്‍/ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ വിസ്മയ (24) മരിച്ച സംഭവത്തില്‍ മൊഴിയില്‍ ഉറച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍ കുമാര്‍.
കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ ആയിരുന്ന കിരണിനെ കഴിഞ്ഞ ദിവസമാണ് ശാസ്താംകോട്ട ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി വിശദമായ ചോദ്യം ചെയ്യലിനും തെളിവ് ശേഖരിക്കുന്നതിനുമായി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ആദ്യദിനത്തിലെ ചോദ്യം ചെയ്യലിലാണ് കിരണ്‍ ഭാര്യയായ വിസ്മയ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചുവെന്ന മൊഴിയില്‍ ഉറച്ച് നിന്നത്.
അതേസമയം വിവാഹത്തിന് ശേഷം താന്‍ അഞ്ച് തവണ വിസ്മയയെ മര്‍ദിച്ചുവെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ കിരണ്‍ സംഭവ ദിവസം മര്‍ദിച്ചിട്ടില്ലന്ന് പറയുന്നു.
കസ്റ്റഡിയില്‍ ലഭിച്ച കിരണിനെ ശാസ്താംകോട്ട പോരുവഴിയിലുള്ള വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
ഇവിടെ ഫോറന്‍സിക് ഡയറക്ടര്‍ അടക്കമുള്ളവര്‍ കിരണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിസ്മയ തൂങ്ങിമരിച്ചുവെന്നു കിരണ്‍ പറയുന്ന ശുചിമുറിയില്‍ വിശദമായ പരിശോധന നടത്തി.
പോരുവഴി എസ്ബിഐ ശാഖയിലും കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെയുള്ള ലോക്കര്‍ അന്വേഷണ സംഘം പരിശോധിച്ചു.
ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കം സംഘം വിശദമായി പരിശോധിച്ചു. കേസില്‍ ഇത് തൊണ്ടിമുതലാക്കും. ഉച്ചയോടെ ശാസ്താംകോട്ടയിലെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി മടക്കി കൊണ്ടുപോയി.
അതേസമയം കിരണിനെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് വീടിന്റെ പരിസരത്ത് വലിയ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. പ്രതിയെ വിസ്മയയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.
പക്ഷേ പ്രതിക്ക് നേരെ വലിയ പ്രതിഷേധം ഉയരാൻ സാധ്യത ഉള്ളതിനാൽ ഈ കാര്യത്തിൽ പോലീസ് അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.
കിരൺകുമാറിനെ പന്തളത്തെത്തിച്ചു തെളിവെടുത്തു
പന്തളം: പന്തളം ആയുർവേദ മെഡിക്കൽ കോളജിലെ വിദ്യാർഥിനിയും നിലമേൽ സ്വദേശിനിയുമായ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടു ഭർത്താവ് കിരൺ കുമാറിനെ പന്തളത്തെത്തിച്ചു തെളിവെടുത്തു. ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പന്തളത്തെത്തിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ഇയാളെ പന്തളത്തെത്തിച്ചത്.
വിസ്മയയെ കൂട്ടി ഇയാൾ പോയിട്ടുള്ള പന്തളം വലിയകോയിക്കൽ തൂക്കുപാലത്തിലാണ് ആദ്യം കൊണ്ടുപോയത്. തുടർന്നു വിസ്മയ പഠിച്ചിരുന്ന മന്നം ആയുർവേദ കോളജിലുമെത്തിച്ചു തെളിവെടുത്തു.