ശാസ്താംകോട്ടയില്‍ ഭര്‍ത്തൃപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്നു കരുതപ്പെടുന്ന വിസ്മയയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു.
മാത്രമല്ല വിസ്മയ കെട്ടിത്തൂങ്ങി നിന്നത് ഭര്‍ത്താവിന്റെ വീട്ടുകാരല്ലാതെ കണ്ട മറ്റാരുമില്ല. കൊല്ലത്തെ പത്മാവതി ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്.
പ്രാഥമിക തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു കൊലപാതകത്തിലേക്കാണ്. ഭര്‍ത്താവിന്റെ മര്‍ദ്ദനവിവരങ്ങളുടെ ചിത്രങ്ങള്‍ കുടുംബത്തിന് വാട്സാപ്പില്‍ അയച്ചതിന്റെ പ്രതികാരമാവാം ഇതെന്നും സംശയമുണ്ട്.
വിസ്മയയുടെ അമ്മയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കവിളിന് മര്‍ദ്ദനമേറ്റ ചിത്രങ്ങളും കൂട്ടൂകാരിക്ക് അയച്ചു കൊടുത്തിരുന്നു. ആത്മഹത്യ ചെയ്യാനായി കെട്ടി തൂങ്ങുന്നവര്‍ മരണ വെപ്രാളത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യും.
ഇതിന്റെ തെളിവുകളൊന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം വിസ്മയയുടെ കഴുത്തില്‍ താഴെയാണ് കെട്ടിന്റെ പാട്. സാധാരണ കഴുത്തിന് മുകളില്‍ കുരുക്കു മറുകിയാകും മരണം.
ഇത്തരം തെളിവുകളും കെട്ടിതൂക്കല്‍ കൊലപാതകത്തിന്റെ സൂചനകള്‍ നല്കുന്നു. തൂങ്ങി മരിക്കുമ്പോള്‍ ശരീരം മാന്തുന്നതും സ്ഥിരം സംഭവമാണ്.
ശാസ്താംകോട്ടയിലാണ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്. ഇവിടെ നിന്ന് മൃതദേഹമായാണ് ആശുപത്രിയില്‍ കൊണ്ടു വന്നത്.
എന്നാല്‍ വിസ്മയയുടെ വീട്ടില്‍ അപ്പോഴും വിളിച്ചറിയിച്ചത് വിസ്മയ ഗുരുതരാവസ്ഥയില്‍ ആണെന്നായിരുന്നു. പുലര്‍ച്ചെ എത്തിയ ഫോണിനെ തുടര്‍ന്ന് വിസ്മയയുടെ സഹോദരന് ഉടന്‍ ആശുപത്രിയില്‍ വിളിച്ചു.
ബ്രോട്ട് ഡെത്ത്(കൊണ്ടുവരുന്ന വഴിയ്ക്കുള്ള മരണം) എന്നായിരുന്നു മറുപടി. ആശുപത്രിയില്‍ എത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ മരിച്ചെന്നും പറഞ്ഞു.
പിന്നീട് വിസ്മയയുടെ ബന്ധുക്കളാരും കിരണിന്റെ വീട്ടില്‍ പോയിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യ ശ്രമത്തെക്കുറിച്ചും സൂചനയുണ്ടെന്നാണ് വരുന്ന വിവരം.
വിസ്മയയുടെ കൈത്തണ്ടയില്‍ മുറിവിന്റെ പാടുണ്ട്. കൊന്ന ശേഷം കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതിന്റെ സൂചനകളാണുള്ളത്. ജീവനോടെ കെട്ടിത്തൂക്കിയ ശേഷം കൊന്നുവെന്നാണ് പുറത്തു വരുന്ന സൂചന.
വിസ്മയയെ തല്ലി ചതച്ചതിന്റെ സൂചനകള്‍ പുറത്തു വന്നിരുന്നു. ഈ മര്‍ദ്ദനത്തിന്റെ പേരില്‍ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാവുന്നതേ ഉള്ളൂ.
പക്ഷെ ഇത് ഒരു ആത്മഹത്യക്കേസാക്കി മാറ്റാനാണ് പോലീസിന്റെ ശ്രമമെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല കിരണ്‍ കുമാറിന്റെ വീട്ടുകാരെ രക്ഷിക്കാനും ശ്രമമുണ്ട്. കിരണിന്റെ അമ്മ ചെകിട്ടത്ത് അടിച്ചതായി കൂട്ടുകാരിക്ക് വിസ്മയ മേസേജ് ചെയ്തിട്ടുണ്ട്.
ശൂരനാട് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ, സ്വന്തം അമ്മയെ അവസാനമായി വിളിച്ചത് ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു.
പരീക്ഷാ ഫീസ് അടയ്ക്കാനായി 5500 രൂപ ചോദിച്ചാണ് വിസ്മയ വിളിച്ചതെന്നും കിരണ്‍ പൈസ കൊടുക്കില്ലെന്നതുകൊണ്ടായിരുന്നു ഇതെന്നും അമ്മ പറഞ്ഞു.
‘ഞായറാഴ്ച ഉച്ചയ്ക്കാണ് മകള്‍ അവസാനമായി സംസാരിച്ചത്. പരീക്ഷാ ഫീസ് അടക്കാന്‍ 5500 രൂപ അക്കൗണ്ടിലേക്ക് ഇടണമെന്ന് പറഞ്ഞാണ് വിളിച്ചത്.
കിരണ്‍ പൈസ തരില്ലേയെന്ന് ഞാന്‍ ചോദിച്ചു. പൈസ തരില്ലെന്നും വഴക്ക് പറയുമെന്നും മോള് പറഞ്ഞു. അത്രയും പണം കൈയിലില്ല, ഉള്ളത് തിങ്കളാഴ്ച എങ്ങിനെയെങ്കിലും അക്കൗണ്ടിലിടാം എന്ന് പറഞ്ഞു,’അമ്മ പറയുന്നു.
‘രണ്ട് മൂന്ന് മാസമായി വീട്ടിലെ പ്രശ്നങ്ങള്‍ മകള്‍ പറയാറില്ലായിരുന്നു. മൂന്ന് മാസമായി അച്ഛനെയും മകനെയും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. കിരണ്‍ പറഞ്ഞിട്ടായിരുന്നു ഇത്.
അമ്മയെ എങ്കിലും ഒന്ന് വിളിച്ചോട്ടെയെന്ന് പറഞ്ഞാണ് തന്റെ നമ്പര്‍ മാത്രം ബ്ലോക്ക് ചെയ്യാതിരുന്നത്. ബാത്ത്റൂമിലും മറ്റും പോയി ഒളിച്ചാണ് മോള് തന്നെ വിളിച്ചിരുന്നത്.
കിരണ്‍ എങ്ങിനെയെങ്കിലും ജോലിക്ക് ഇറങ്ങി പോയാല്‍ നിങ്ങളെയെങ്കിലും വിളിച്ച് സംസാരിക്കാലോ എന്ന് അവള് പറയുമായിരുന്നു.’
‘എന്തൊക്കെ സംഭവിച്ചാലും കിരണിന്റെ വീട്ടുകാര്‍ ഒന്നും ശ്രദ്ധിക്കാറില്ല. കിരണിന്റെ അച്ഛനും അമ്മയും പ്രശ്നങ്ങളില്‍ ഇടപെടാറില്ല. കിരണിന്റെ അമ്മ എപ്പോഴും മകനെയാണ് പിന്തുണച്ചത്.
വഴക്ക് ഉണ്ടായി മകള്‍ ഉറക്കെ കരഞ്ഞാല്‍ എന്തെങ്കിലും പറയും. അമ്മ കിരണ്‍ പറയുന്നതിന് അപ്പുറത്തേക്ക് പോകില്ല. ഒരു ദിവസം കിരണ്‍ ചെള്ളയിലടിച്ച് വായക്ക് അകത്ത് മുറിഞ്ഞു. ഇങ്ങിനെ സഹിക്കേണ്ടെന്നും വീട്ടിലേക്ക് തിരികെ വരാനും ഞാന്‍ പറഞ്ഞു.
അപ്പോള്‍ നാട്ടുകാര്‍ അതുമിതും പറയത്തില്ലേ എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കാമെന്നാണ് മകള്‍ പറഞ്ഞത്. അത് നടന്നിട്ട് കുറച്ച് നാളായി.
പ്രശ്നങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പുറത്തേക്ക് എല്ലാവരെയും കാണിക്കാനാണ് വിവാഹ വാര്‍ഷികമൊക്കെ ആഘോഷിച്ച് ഫോട്ടോസ് ഒക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും വിസ്മയയുടെ അമ്മ പറയുന്നു. ഉത്ര കൊലപാതക്കേസിനു ശേഷം കൊല്ലത്തെയാകെ ഞെട്ടിക്കുകയാണ് വിസ്മയയുടെ മരണം.