കൊല്ലം: വിസ്മയക്കേസില് വിചാരണ അന്തിമഘട്ടത്തിലേക്കെത്തവെ പ്രതി കിരണിന്റെ ബന്ധുക്കളുടെ കൂറുമാറ്റം തുടരുന്നു.
കിരണിന്റെ സഹോദരി കീര്‍ത്തി, കിരണിന്റെ വല്യച്ഛന്റെ മകന് അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി എന്നിവർ കൂറുമാറിയതായി പ്രോസിക്യൂഷന് പ്രഖ്യാപിച്ചു.
കിരണിന്റെ പിതാവ് സദാശിവൻ പിള്ളയും കൂറുമാറിയവരിൾ ഉൽപ്പെടുന്നു. നാലുപേരാണ് ഇതോടെ കൂറുമാറ്റം നടത്തിയത്.
സെക്യൂരിറ്റി ജീവനക്കാരനായ അനില്‍കുമാര്‍, ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരി ബിന്ദു എന്നിവര്‍ പോലീസില്‍ കൊടുത്ത മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞു.
സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ യാതൊരു തര്‍ക്കവുമുണ്ടായിരുന്നില്ലെന്ന് കീര്‍ത്തി മൊഴി നല്‍കിയതോടെ ഇവര്‍ കൂറുമാറിയതായി പ്രോസിക്യൂഷന് പ്രസ്താവിച്ചു.
തുടര്‍ന്നുള്ള വിസ്താരത്തില്‍ 2021 ജൂണ്‍ 13ന് വിസ്മയ വാട്ആപ്പിലൂടെ തനിക്ക് മെസേജുകള്‍ അയച്ചിരുന്നുവെന്നും താനത് ഡിലീറ്റ് ചെയ്തിരുന്നുവെന്നും കീര്‍ത്തി മൊഴി നല്കി.
നാല് വാട്സ്ആപ് മെസേജുകള്‍ വിസ്മയ തനിക്ക് അയച്ചതാണെന്ന് സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണവും കോടതിയില്‍ കേള്‍പ്പിച്ചു.
ലോക്കറില്‍ കൊണ്ടുവയ്ക്കാന്‍ പോകുന്നതിന് മുമ്പ് 60 പവനോളം സ്വര്‍ണമുണ്ടെന്ന് വിസ്മയ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ലോക്കറില്‍ വയ്ക്കാന്‍ കൊണ്ടുചെന്നപ്പോള്‍ 42 പവനേയുള്ളു എന്ന് അറിഞ്ഞുവെന്നും കിരണിന്റെ പിതാവ് സദാശിവന്‍പിള്ള മൊഴി നല്കി.
ഇക്കാര്യം കിരണ്‍ വീട്ടില്‍ വന്ന് തന്നോട് പറഞ്ഞു. അതേ തുടര്‍ന്ന് വിസ്മയയും കിരണും തമ്മില്‍ വഴക്കായി.
താന്‍ സ്വര്‍ണം ദുരുപയോഗം ചെയ്തതായി തെറ്റിദ്ധരിക്കുമെന്ന് കരുതിയായിരിക്കും കിരണ്‍ ഇപ്രകാരം പറഞ്ഞതെന്ന് പ്രതിഭാഗം അഭിഭാഷകന് പ്രതാപചന്ദ്രന്‍പിള്ളയുടെ എതിര്‍വിസ്താരത്തില്‍ കിരണിന്റെ പിതാവ് സദാശിവപിള്ള മൊഴി നല്കി.
വിസ്മയയുടെ കട്ടിലിലെ തലയണയുടെ അടിയില്‍ നിന്ന് കിട്ടിയ കടലാസ് താന്‍ പോലീസില്‍ ഏല്‍പ്പിച്ച കാര്യം ആരോടും പറയാതിരുന്നത് തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതിചേര്‍ക്കുമെന്ന് ഭയന്നാണെന്നും സാക്ഷി എതിര്‍വിസ്താരത്തില്‍ പറഞ്ഞു. തുടര്‍ന്നുള്ള വിസ്താരം തിങ്കളാഴ്ച നടക്കും.
കഴിഞ്ഞ വർഷം ജൂൺ 21നാണ് ചടയമംഗലം നിലമേൽ കൈതോട് സ്വദേശിനി വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.