മുംബൈ: ടാറ്റ സണ്‍സിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് അന്താരാഷ്ട്ര സർവീസ് തുടങ്ങുന്നു. ഡൽഹിയിൽനിന്നു സിംഗപ്പൂരിലേക്കുളള കന്പനിയുടെ ആദ്യ അന്താരാഷ്ട്ര യാത്ര അടുത്ത മാസം ആറിനാണ് ആരംഭിക്കുന്നത്. തൊട്ടടുത്ത ദിവസംതന്നെ മുംബൈയിൽനിന്നു സിംഗപ്പൂരിലേക്കുള്ള മറ്റൊരു സർവീസും കന്പനി ആരംഭിക്കുന്നുണ്ട്.
കന്പനി ഓർഡർ ചെയ്തിരിക്കുന്ന ആറു ബോയിംഗ് 787 വിമാനങ്ങൾ അടുത്ത ജനുവരി മുതൽ ലഭിച്ചുതുടങ്ങും. കൂടുതൽ സ്ഥലസൗകര്യമുള്ള ഈ വിമാനങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കായിരിക്കും ഉപയോഗിക്കുക.
“അന്താരാഷ്ട്ര വ്യോമ ഗതാഗതരംഗത്ത് ഇന്ത്യയുടെ ആതിഥേയ സംസ്കാരത്തിന്റെ അടയാളമായി വിസ്താര മാറും. വ്യാവസായിക പ്രാധാന്യമുള്ള സിംഗപ്പൂരിലേക്കാണ് ആദ്യ അന്തരാഷ്ട്ര യാത്ര. വൈകാതെ മറ്റു രാജ്യങ്ങളിലേക്കും വിസ്താര യാത്ര തുടങ്ങും’’ – വിസ്താര സിഇഒ ലെസ്ലി പറഞ്ഞു.
അന്താരാഷ്ട്ര സർവീസിന് അഞ്ചു വർഷത്തെ പ്രവർത്തനവും 20 വിമാനങ്ങളും വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്തിയ ശേഷം ആദ്യമായി അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്ന കന്പനിയാണ് വിസ്താര.അഞ്ചു വർഷത്തെ പ്രവർത്തനപരിചയം വേണമെന്ന നിബന്ധന 2016ലാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്.