ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് തിരക്കഥ ഒരുക്കി പ്രദർശനത്തിനെത്തിച്ച ചലച്ചിത്രത്തിനുള്ള ലോകറിക്കാർഡിന് മലയാള സിനിമയായ വിശ്വഗുരു അർഹമായി. 51 മണിക്കൂറും രണ്ടു സെക്കൻഡുമാണ് റിക്കാർഡ് സമയം. 71 മണിക്കൂറും 19 മിനിറ്റും കൊണ്ട് പൂർത്തിയാക്കിയ മംഗളഗമന എന്ന ശ്രീലങ്കൻ ചിത്രത്തിന്റെ റിക്കാർഡ് ആണ് വിജീഷ് മണി സംവിധാനം ചെയ്ത വിശ്വഗുരു തിരുത്തിയത്.
ശ്രീനാരായണഗുരുവിന്റെ ജീവിതദർശനങ്ങളും ശിവഗിരി മഠത്തിലെ ജീവിതസന്ദർഭങ്ങളും തന്മയത്വത്തോടെ വിളക്കിച്ചേർത്താണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രം ഒരുങ്ങിയത്. ഗുരുവിനെ സന്ദർശിച്ച മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, സന്തതസഹചാരികളായ ഡോ.പൽപ്പു, മഹാകവി കുമാരനാശാൻ, വിനോബഭാവെ തുടങ്ങിയ ചരിത്ര കഥാപാത്രങ്ങളും ചലച്ചിത്രത്തിലുണ്ട്.
എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി.അനൂപ് ആണ് ചിത്രം നിർമിച്ചത്. പ്രമോദ് പയ്യന്നൂരാണ് രചന നിർവഹിച്ചത്. സംഗീതം, പശ്ചാത്തലസംഗീതം, ആലാപനം-കിളിമാനൂർ രാമവർമ്മ. പുരുഷോത്തമൻ കൈനകരി, ഗാന്ധിയൻ ചാച്ചാ ശിവരാജൻ, കലാധരൻ, കലാനിലയം രാമചന്ദ്രൻ, ഹരികൃഷ്ണൻ, ലീലാകൃഷ്ണൻ, റോജി പി. കുര്യൻ, ഷെജിൻ, ബേബി പവിത്ര, മാസ്റ്റർ ശരണ്‍ എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്.