ആലപ്പുഴ: തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് കാണിച്ചു തരികയാണ് ഒരു വൃദ്ധൻ. കടുത്ത വേനലിൽ അധികൃതരുടെ ജാഗ്രത മുന്നറിയിപ്പുകൾ വരുന്പോഴും അന്നത്തെ അന്നത്തിനായി ചൂടിനെ വകവെയ്ക്കാതെ നഗരത്തിലെ പാതയോരത്ത് കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഈ 68 കാരൻ. പൊരിവെയിലിൽ ഒരു തരി തണലിന്റെ ആശ്വാസമില്ലാതെ നാടൻ പച്ചക്കറികളുമായി ആലപ്പുഴ ജില്ല കോടതിക്കു സമീപം ഈ വൃദ്ധനെ കാണാം.
വീട്ടിൽ കൃഷി ചെയ്തെടുത്ത ചീരയും മത്തനും പപ്പായയുമൊക്കെയായി കിലോമീറ്ററുകൾ താണ്ടിയാണ് ചേർത്തല കടക്കരപ്പള്ളി സ്വദേശി ആലപ്പുഴ നഗരത്തിലെത്തുന്നത്. രാവിലെ മുതൽ ആരംഭിക്കുന്ന വെയിൽ പൂർണമായും കൊള്ളാതെ വയ്യ. നിറയെ സാധനങ്ങളുമായി വലിയ പച്ചക്കറിക്കടകളും വാഹനകച്ചവടക്കാരും ആളുകളെ ആകർഷിക്കുന്പോൾ പിടിച്ചുനിൽക്കാനും പ്രയാസം തന്നെ.
ശരീരത്തിൽ ഏൽക്കുന്ന ചൂട്, കൊണ്ടുവരുന്ന പച്ചക്കറികളെയും കരിച്ചുകളയും. എങ്കിലും വെയിൽ തളർത്താത്ത മനസുമായി വിശ്വംഭരൻ കച്ചവടം നടത്തുന്നു. പാവയ്ക്ക, പടവലം, വെള്ളരി, മാങ്ങ, തേങ്ങ എന്നിങ്ങനെ വിവിധ ഇനങ്ങളുമായാണ് വിശ്വംഭരന്റെ വരവ്. ഇതിൽ തേങ്ങ മാത്രം പുറത്തു നിന്നു വാങ്ങും.
അതും നാടൻ. രണ്ടു വർഷമായി ഈ കച്ചവടവുമായി നഗരത്തിന്റെ ചൂടും പുകയും ഏൽക്കാൻ തുടങ്ങിയിട്ട്. അതിനു മുന്പ് മുല്ലയ്ക്കലിൽ തേങ്ങാക്കച്ചവടമായിരുന്നു. രണ്ട് പെണ്മക്കളും ഒരു മകനുമാണ് വിശ്വംഭരന്. എല്ലാവരെയും വിവാഹം കഴിപ്പിച്ചു.
പെണ്മക്കളിൽ ഒരാൾ സ്കൂൾ അധ്യാപികയാണ്. മകന് എണ്ണവ്യാപാരമാണ്. മകന്റെ വരുമാനത്തിൽ ഒതുങ്ങിക്കൂടാൻ ഈ വൃദ്ധൻ തയാറല്ല. കത്തുന്ന ചൂട് സഹിച്ചാലും വാർധക്യത്തിലും സ്വന്തം കാലിൽ നിൽക്കാനാണ് ഈ പച്ചക്കറിക്കച്ചവടമെന്ന് വിശ്വംഭരൻ പറയുന്നു.