കൽപ്പറ്റ: കോണ്‍ഗ്രസിൽനിന്നു രാജിവച്ചതായി തിങ്കളാഴ്ച പ്രഖ്യാപിച്ച ഡിസിസി മുൻ വൈസ് പ്രസിഡന്റും കെപിസിസി മെംബറുമായ കെ.കെ. വിശ്വനാഥനു മനംമാറ്റം.
പാർട്ടി ഭാരവാഹിത്വം മാത്രമാണ് രാജിവച്ചതെന്നും കോണ്‍ഗ്രസിൽ തുടരുമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി.
രാജിക്കാര്യം അറിഞ്ഞു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വയനാടിന്റെ ചുമതലയുള്ള കെപിസിസി സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി എന്നിവർ വിശ്വനാഥനുമായി ടെലിഫോണിൽ ബന്ധപ്പെട്ടു.
ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്്ണൻ ഇന്നലെ രാവിലെ കേണിച്ചിറ അരിമുളയിലെ വീട്ടിലെത്തി വിശ്വനാഥനെ കണ്ടു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നിർദേശാനുസരണം കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി. ചന്ദ്രൻ, ഡിസിസി സെക്രട്ടറിമാരായ ആർ.പി. ശിവദാസ്, ഡി.പി. രാജശേഖരൻ, എൻ.സി. കൃഷ്ണകുമാർ എന്നിവരും വിശ്വനാഥന്റെ വീട്ടിലെത്തി. രാജി പിൻവലിക്കണമെന്നും പാർട്ടിയിൽ തുടരണമെന്നുമാണ് ഇവർ വിശ്വനാഥനെ ഉപദേശിച്ചത്.
ഇതിനുപിന്നാലെ മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോഴാണ് കെപിസിസി മെംബർ സ്ഥാനം മാത്രമാണ് രാജിവച്ചതെന്നും പാർട്ടി അംഗത്വത്തിൽ തുടരുമെന്നും അറിയിച്ചത്.
പൂതാടി മണ്ഡലത്തിലും ജില്ലയിൽത്തന്നെയും കോണ്‍ഗ്രസിനെ നയിക്കാൻ പഴയതുപോലെ ഉണ്ടാകുമോ എന്ന ചോദ്യത്തിനു കെപിസിസി നേതൃത്വം ബന്ധപ്പെട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു പ്രതികരണം.
രാഹുൽഗാന്ധി പ്രതിനിധാനം ചെയ്യുന്ന പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ വയനാട്ടിൽ സമീപകാലത്തു നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്.
മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. രമേശൻ, ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. അനിൽകുമാർ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അംബിക കേളു, സുജയ വേണുഗോപാൽ എന്നിവർ ഇതിൽപ്പെടും.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അവഗണയാണ് രാജിക്കു മുഖ്യ കാരണമായി ഇവരല്ലാം പറഞ്ഞത്. സീനിയർ നേതാവായ കെ.കെ. വിശ്വനാഥനും രാജിക്കുപിന്നാലെ പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ മഴു വീശി.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഗൂഢസംഘത്തിന്റെ പിടിയിലാണെന്നു ആരോപിക്കാനും അദ്ദേഹം മടിച്ചില്ല.കുറച്ചുകാലമായി പാർട്ടി ജില്ലാ നേതൃത്വത്തിന്റെ അവഗണനയ്ക്കു പുറമേ അപമാനവും സഹിക്കേണ്ടിവന്നതായി വിശ്വനാഥൻ ഇന്നലെ അദ്ദേഹത്തെ ചെന്നുകണ്ട നേതാക്കളിൽ ചിലരോടു പറഞ്ഞു.
ജ്യേഷ്ഠനും മുൻ മന്ത്രിയുമായ കെ.കെ. രാമചന്ദ്രൻ കോഴിക്കോട്ട് മരിച്ചപ്പോൾ അദ്ദേഹത്തിനു അർഹമായ ആദരവ് നൽകാൻ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കൂട്ടാക്കിയില്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടേതായി പുഷ്പചക്രം പോലും സമർപ്പിച്ചില്ല.
രാമചന്ദ്രൻ മാസ്റ്ററുടെ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കളിൽ പലർക്കും അന്നു കോഴിക്കോടു ചേരുന്ന പാർട്ടി നേതൃയോഗത്തിൽ പങ്കെടുക്കുന്നതിലായിരുന്നു തിടുക്കം.
ഇതിലുള്ള വേദന ഉള്ളിലൊതുക്കി കഴിയുന്നതിനിടെയാണ് കഴിഞ്ഞ 22നു കേണിച്ചിറയിൽ രാഹുൽഗാന്ധി പങ്കെടുത്ത പൊതുപരിപാടിയുമായി ബന്ധപ്പെട്ടും അവഗണ നേരിടേണ്ടിവന്നത്.
ചടങ്ങിൽ പങ്കെടുക്കുന്നതിനു പാസ് ലഭ്യമാക്കാൻ ഉത്തരവാദപ്പെട്ടവർ തയാറായില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ അന്പലവയൽ ഡിവിഷനിൽ മത്സരിച്ചപ്പോൾ പാർട്ടി നേതാക്കളിൽ പലരുടയും ശക്തമായ പിന്തുണ ഉണ്ടായില്ല.
ഇത്തരത്തിൽ പരിഭവങ്ങളുടെ കെട്ടാണ് ഫോണിലും നേരിട്ടും ബന്ധപ്പെട്ട പാർട്ടി നേതാക്കൾക്കു മുന്നിൽ വിശ്വനാഥൻ അഴിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് വയനാട് ഘടകത്തിലെ സംഭവവികാസങ്ങൾ പാർട്ടി സംസ്ഥാന നേതൃത്വം ഗൗരവത്തോടെ കാണുന്നതായാണ് വിവരം.
ഡിസിസി ജില്ലാ നേതൃത്വത്തിൽ അടുത്തദിവസം അഴിച്ചുപണി ഉണ്ടാകുമെന്നു കരുതുന്നവർ ജില്ലയിലെ കോണ്‍ഗ്രസ് പ്രവർത്തകരിൽ നിരവധിയാണ്.