കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സുരക്ഷാ ജീവനക്കാര്ക്കെിരേ ‘പക തീര്‍ക്കാന്‍’ ഡിവൈഎഫ്ഐ.
മാസങ്ങള്‍ക്ക് മുന്‍പ് ഡിവൈഎഫ്ഐ നേതാക്കളും സുരക്ഷാ ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. ഇത് വലിയ വിവാദമാകുകയും നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കേസ് ഇപ്പോഴും തുടരുകയാണ്. ഈ ഒരു സാഹചര്യത്തില്‍ വിശ്വനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവ് വിശ്വനാഥനെ തടഞ്ഞുവച്ച രണ്ട് പേരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇവര്‍ സുരക്ഷാ ജീവനക്കാരാണെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്.
വിശ്വനാഥന്റെ മരണത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ഡിവൈഎഫ്ഐ പോസ്റ്ററുകള്‍ പതിപ്പിച്ചു.
തടഞ്ഞതും ‘വിചാരണ’ ചെയ്തതും 12 ഓളം പേര്
ഫോണ്‍ മോഷണം പോയസംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം പേര് വിശ്വനാഥനെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നത് സിസിവിടി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ഇതില്‍ രണ്ട് പേരുടെ ദൃശ്യമാണ് പോലീസിന് വ്യക്തമായി ലഭിച്ചത്. ഇവരെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ സെക്യൂരിറ്റി ജീവനക്കാരല്ലെന്നും രോഗികളുടെ കൂട്ടിരിപ്പുകാരായിക്കാം എന്നുമാണ് പോലീസ് പറയുന്നതെങ്കിലും സുരക്ഷാ ജീവനക്കാരും വിശ്വനാഥനെ തടഞ്ഞുവച്ചതായി നേതാക്കള്‍ ആരോപിക്കുന്നു.
ആള്‍ക്കൂട്ട വിചാരണ വിശ്വനാഥനെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചെന്ന നിഗമനത്തിലാണ് പോലീസ്. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ വിശ്വനാഥനെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.