തിരുവനന്തപുരം: വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. തടവിൽ പാർപ്പിക്കൽ, അനാശാസ്യം, പെൺകുട്ടിയെ ആളുകൾക്ക് കൈമാറൽ എന്നീ കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി വിധിച്ചു.
പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയായ പെൺകുട്ടിയെ സുരേഷ് തട്ടികൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പലർക്കായി കാഴ്ചവച്ചുവെന്നായിരുന്നു കേസ്. രജിസ്റ്റർ ചെയ്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്
കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സുരേഷ്. 1996 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേസെടുത്ത് 18 വർഷത്തിനുശേഷം കീഴടങ്ങിയ സുരേഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവിൽ പോയി. കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് ഒളിവിൽ പോയത്.
പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്ന് 2019 ജൂണില്‍ ക്രൈംബ്രാഞ്ച് പിടികൂടി.