വെള്ളപ്പാണ്ട് (vitiligo) ഉണ്ടായിരുന്ന പ്രശസ്ത കലാകാരന് മൈക്കിള് ജാക്സന്റെ ഓര്മ്മ ദിനമാണ് ലോക വെള്ളപ്പാണ്ട് ദിനമായി ആചരിച്ചു വരുന്നത്.
അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിച്ചതാണ് തൊലിയുടെ നിറമല്ല, കഴിവും കഠിനാധ്വാനവുമാണ് നമ്മുടെ യോഗ്യത നിര്ണയിക്കുന്നതെന്ന്. എന്നാല്, ഒരു ദശാബ്ദത്തിലേറെയായിട്ടും വെള്ളപ്പാണ്ടിനെക്കുറിച്ച് പല മിഥ്യാധാരണകളും ഇന്നും സമൂഹത്തില് നിലനില്ക്കുന്നുണ്ട്.
വെള്ളപ്പാണ്ട് പകര്ച്ച വ്യാധിയാണോ?
അല്ല. ഹസ്തദാനത്തിലൂടെയോ ആലിംഗനത്തിലൂടെയോ വായുവിലൂടെയോ വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ പകരുന്ന ഒരു അവസ്ഥയല്ല വെള്ളപ്പാണ്ട്.
അതുകൊണ്ടുതന്നെ ഇത് ബാധിച്ചവരെ കല്യാണം കഴിക്കാനോ ഒരുമിച്ച് താമസിക്കാനോ ഒരുമിച്ച് ഭക്ഷണം കഴിക്കാനോ കളിക്കാനോ ഒരു തടസവുമില്ല.
വെള്ളപ്പാണ്ട് അണുബാധയാണോ?
അല്ല. ചര്മ്മത്തിനു നിറം നല്കുന്ന കോശമായ മെലാനോസൈറ്റിനോട് (Melanocyte) നമ്മുടെ തന്നെ രോഗപ്രതിരോധശക്തി പ്രതികരിക്കുന്നതു മൂലം മെലാനോസൈറ്റിന്റെ പ്രവര്ത്തനം കുറയുകയും ചില ഭാഗങ്ങളില് മെലാനിന് (Melanin) എന്ന പിഗ്മെന്റ് കുറയുകയും ചെയ്യുന്നു.
മെലാനോസൈറ്റിന്റെ വളര്ച്ച ത്വരിതപ്പെടുത്തുന്ന രാസവസ്തുക്കളുടെയും വളർച്ചാഘടക ത്തിന്റെയും ( Growth factor) അഭാവം മൂലവും അതിന്റെ പ്രവര്ത്തനം കുറയാം. ഇങ്ങനെ മെലാനിന് കുറഞ്ഞ ഭാഗങ്ങള് വെളുത്ത് കാണപ്പെടുന്നു.
വെള്ളപ്പാണ്ട് ശരീരം മുഴുവനും വരുമോ?
ശരീരത്തിന്റെ ഏത് ഭാഗത്തും വെള്ളപ്പാണ്ട് (vitiligo) വരാം. സാധാരണ വെള്ളപ്പാണ്ടിനെ രണ്ടായി തരംതിരിക്കാം.
1. നോൺ സെഗ്മെന്റൽ വിറ്റിലിഗോ (Non segmental Vitiligo)- ശരീരത്തിന്റെ പല ഭാഗങ്ങളില് ബാധിക്കാം.
2. സെഗ്മെന്റൽ വിറ്റിലിഗോ (Segmental Vitiligo) – ശരീരത്തിലെ ചില ഭാഗങ്ങളില് മാത്രം കാണപ്പെടുന്നു.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം