സ്വന്തം ലേഖകൻ
തലശേരി: ലഹരിയിൽ പിടിവിട്ട് ദുരൂഹതകൾ സൃഷ്ടിച്ച് അപകടകരമാം വിധം വാഹനം ഓടിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തു വരുന്ന യുവതിയെക്കുറിച്ച് പരാതികളുമായി ജനപ്രതിനിധികളും രംഗത്തെത്തി.
യുവതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൊതുശല്യമായി മാറിയിരിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
ഇതിനിടയിൽ യുവതി ഇരുപത്തിരണ്ടുകാരനായ യുവാവിനെ കസ്റ്റഡിയിൽ വച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നതായുള്ള റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
പ്രമുഖ വ്യാപാരിയുടെ മകനെയാണ് ഇവർ കസ്റ്റഡിയിൽ വച്ചിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
അമിത വേഗതയിൽ കാറോടിച്ച് പോയ യുവതിയെ പിന്തുടർന്ന യുവാവ് അവരെ മറികടക്കുകയും തുടർന്ന് സൗഹൃദത്തിലാവുകയും ചെയ്തു.
ഈ സൗഹൃദമാണ് യുവാവിനെ യുവതിയുടെ വലയിലേക്ക് എത്തിച്ചതെന്ന് യുവാവിന്റെ രക്ഷിതാക്കൾ പറയുന്നു.യുവാവിനെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ യുവാവിന്റെ മൊബൈലിൽനിന്ന് ആയിരംതവണ വിവാദയുവതിയെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ കോൾ റെക്കോർഡ്സും പോലീസ് പരിശോധിച്ചു വരികയാണ്. യുവതിയുടെ വലയിലായ യുവാവിനെ രക്ഷിതാക്കൾ ഏറെ സാഹസപ്പെട്ട് വിദേശത്തേക്ക് അയച്ചെങ്കിലും യുവതിയുടെ ഭീഷണിയെ തുടർന്ന് യുവാവ് അതിവേഗം വിദേശത്തുനിന്നു മടങ്ങിയതായും നാട്ടുകാർ പറയുന്നു.
യുവതിയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഓൺലൈൻ മീഡിയകളിൽ യുവതിയുടെ പരാക്രമങ്ങൾ ഇപ്പോൾ വൈറലാണ്.