തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരേ വർഗീയ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഇതിനെതിരേ ഇടതു മുന്നണിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവീനർ വി.ശിവൻകുട്ടിയാണ് പരാതി നൽകിയത്. ശ്രീധരൻപിള്ളയുടെ പരാമർശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വിലയിരുത്തിയിരുന്നു.
തെരഞ്ഞെടുപ്പു കാലത്തു വർഗീയ വിദ്വേഷം ജനിപ്പിക്കുംവിധത്തിലുള്ള പ്രസംഗം പാടില്ലെന്നും വർഗീയമായി ആക്ഷേപിക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥകളാണു അദ്ദേഹം ലംഘിച്ചതെന്നും കമ്മീഷനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.