കണ്ണൂർ: എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരികളുള്ള വൈദേകം റിസോർട്ട് വാങ്ങാൻ വ്യവസായിയും കേന്ദ്ര സഹമന്ത്രിയുമായി രാജീവ് ചന്ദ്രശേഖരൻ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കന്പനി വൈദേകം മാനേജ്മെന്റുമായി ബന്ധപ്പെട്ടതായാണു വിവരം.
അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സംബന്ധിച്ച് ചർച്ച നടക്കുമെന്നും അറിയുന്നു. വിലയടക്കം മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
വൈദേകം ആയുർവേദ റിസോർട്ട് എന്ന സ്ഥാപനത്തിൽ ഇ.പി. ജയരാജന്റെ ഭാര്യയ്ക്കും മകനും വലിയ ഓഹരി പങ്കാളിത്വമുള്ളത് സിപിഎമ്മിനകത്തും പുറത്തും ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇതു സംബന്ധിച്ച് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ ആരോപണം ഉന്നയിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
ഇ.പി. ജയരാജന്റെ ഭാര്യയും ജില്ലാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥയുമായ ഇന്ദിരയ്ക്കും മകൻ ജയ്സൺ ജയരാജനും 9,199 ഓഹരികളാണുള്ളത്. ഇന്ദിരയക്ക് 81.99 ലക്ഷത്തിന്റെ ഓഹരികളും ജയ്സണ് 10 ലക്ഷം രൂപയുടെ ഓഹരികളും.
റിസോർട്ടിന്റെ സാന്പത്തീക ഇടപാടുകൾ ഓഹരി വിവരങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ഹാജരാക്കണമെന്ന് കാണിച്ച് നേരത്തെ ആദായ നികുതി വകുപ്പ് മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നു.