എംജെ ശ്രീജിത്ത്
തിരുവനന്തപുരം: നിരന്തരം വിവാദങ്ങളിൽപ്പെടുന്ന കെ.ടി. ജലീലിനെ ഉന്നത വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണമെന്ന അഭിപ്രായം മുന്നണിക്കുള്ളിൽ ശക്തമാകുന്നു. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജലീലിനെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുകയോ വകുപ്പു മാറ്റുകയോ ചെയ്യും. മന്ത്രിസഭയിൽ നിന്ന് ആരെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് വരികയാണെങ്കിൽ സമൂലമായ അഴിച്ചുപണിയുണ്ടാകും. കൂടുതൽ യുവാക്കളേയും പുതുമുഖങ്ങളേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി മന്ത്രിസഭയുടെ തിളക്കം കൂട്ടാനുള്ള ശ്രമം ഉണ്ടാകും.
സ്പീക്കർ പി ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിലേയ്ക്ക് കൊണ്ടുവരികയും രാജുഏ ബ്രഹാമിനേയോ, സുരേഷ് കുറുപ്പിനേയോ സ്പീക്കറാക്കണമെന്ന ചർച്ചകളും നടക്കുന്നുണ്ട്. വീണാ ജോർജ്, എം സ്വരാജ്, വികെ പ്രശാന്ത് എന്നിവരൊക്കെ മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള കെ.ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി നഷ്ടത്തിലായ ഗതാഗത വകുപ്പിന്റെ ചുമതല ഏൽപ്പിക്കണമെന്ന ശക്തമായ അഭിപ്രായം സിപിഎമ്മിനുള്ളിലും മുന്നണി ക്കുള്ളിലും ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്.
കേരള കോൺഗ്രസിന്റെ പ്രതിനിധിയായി ഗണേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ചെയർമാൻ ആർ ബാലകൃഷണപിള്ളയുടെ കത്തും എൽഡിഎഫിനു മുന്നിലുണ്ട്. മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാൽ പിള്ളയുടെ കത്തും പരിഗണിക്കേണ്ടിവരും. അടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് ഉടൻ ചേരും. വിദേശത്തായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ എത്തിയ സാഹചര്യത്തിൽ ഈ മാസം 15നുള്ളിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്ന് സെക്രട്ടറിയുടെ കാര്യത്തിലും മന്ത്രിസഭാ പുനസംഘടനയുടെ കാര്യത്തിലും തീരുമാനമെടുക്കും.
അതേസമയം ആരോഗ്യ കാരണങ്ങളാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിക്കുന്നുവെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്തമാവനയിറക്കി. താൽ്കകാലിക സെക്രട്ടറിയെ നിയമിക്കുമെന്ന വാർത്തകളും സംസ്ഥാന സെക്രട്ടേറിയേറ്റ് നിഷേധിച്ചു.
ഈമാസം 19ന് സിപിഎം സംസ്ഥാനസമിതി ചേരും.