നൗഷാദ് മാങ്കാംകുഴി
കായംകുളം: കരയോഗ മന്ദിരത്തിലെ കതിർമണ്ഡപത്തിൽ താലികെട്ടിന് ശേഷം നവദന്പതികൾ വന്നിറങ്ങിയത് പോലീസ് സ്റ്റേഷനിൽ. തുടർന്ന് പോലീസുകാരുടെ വക സ്വീകരണവും സ്റ്റേഷൻ മുറ്റത്തെ പന്തലിൽ വിവാഹസദ്യയും.
യെമനിൽ ഓയിൽ കന്പനിയിൽ ജോലി ചെയ്യുന്ന ചേപ്പാട് ചേങ്കര വീട്ടിൽ അരുണ്‍.എസ്.കൈമളും ചേപ്പാട് കോട്ടം കോയിക്കൽ വീട്ടിൽ നീതുവുമാണ് കോവിഡ് 19 ലോക്ക് ഡൗണ്‍ കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ സേവനം ചെയ്യുന്ന പോലീസുകാർക്ക് ആദരം നൽകി വേറിട്ട വിവാഹ രീതി സ്വീകരിച്ചത്.കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ മുറ്റത്താണ് ഇന്നലെ ഈ വേറിട്ട വിവാഹ സത്കാരം ഒരുങ്ങിയത്.
രാവിലെ ഏഴിനും 7.30 നും മധ്യേയുള്ള മുഹൂർത്തത്തിൽ ചേപ്പാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആയുർവേദ ഡോക്ടറായ നീതുവും അരുണും തമ്മിലുള്ള വിവാഹം മുന്‍പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ നീട്ടിവയ്ക്കുകയായിരുന്നു.
വീണ്ടും തീയതി നിശ്ചയിച്ചെങ്കിലും ലോക്ക് ഡൗണ്‍ നീട്ടിയതിനാൽ 24 ന് നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹ ചടങ്ങുകൾ ലളിതമായി നടത്തിയത്.
കോവിഡ് കാലത്ത് സമൂഹത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനുമായി നിരന്തരം പ്രവർത്തിക്കുന്ന പോലീസ് സേനയോടുള്ള ആദരം കൊണ്ടാണ് വിവാഹസദ്യ പോലീസ് സ്റ്റേഷനിൽ ഒരുക്കിയതെന്ന് നവ ദന്പതികൾ പറഞ്ഞു. വിവാഹ മണ്ഡപത്തിൽ നിന്ന് ഇരുവരും അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എത്തിയത്.
സ്റ്റേഷന് മുന്പിൽ ഒരുക്കിയ താത്കാലിക പന്തലിൽ പോലീസുകാർക്കൊപ്പം ഇരുന്നാണ് നവദന്പതികൾ വിവാഹ സദ്യ കഴിച്ചത്. സബ് ഇൻസ്പെക്ടർമാരായ ആശാ.വി. രേഖ, സുജിത്ത്, ജനമൈത്രി ബീറ്റ് ആഫീസർ എസ്.ആർ. ഗിരീഷ് എന്നിവർ നവ ദന്പതികൾക്ക് ആശംസകൾ നേർന്നു.