ശ്രീകണ്ഠപുരം: വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച കേസിൽ പിടികിട്ടാപ്പുള്ളി 13 വർഷത്തിന് ശേഷം അറസ്റ്റിൽ. കാസർഗോഡ് മൊഗ്രാൽപുത്തൂരിലെ അബ്ദുൾ റഹ്മാനെ (45) യാണ് ശ്രീകണ്ഠപുരം എസ്ഐ സാജിദും സംഘവും ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തത്.
2006 ലായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങളായി സ്വദേശിയായ യുവതിയെ വിവാഹം ചെയ്യാമെന്ന ധാരണയിൽ യുവതിയുടെ പിതാവിൽ നിന്ന് സ്ത്രീധനമായി പണം കൈപ്പറ്റിയതായാണ് പരാതി. തുടർന്ന് ഇയാൾ നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു.
യുവതിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2012 ൽ കണ്ണൂർ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മംഗളുരുവിലെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് പുലർച്ചെ മൊഗ്രാൽപുത്തൂരിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞിനാരായണൻ, സിവിൽ പോലീസ് ഓഫീസർ നൗഷാദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.