കരുവാരകുണ്ട്: ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്ത് ഏഴുപവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനാറു വർഷത്തിനു ശേഷം പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി സ്വദേശി തന്പഴി വീട്ടിൽ ബിനോയ് എന്ന മുസ്തഫ (42) യെയാണ് അറസ്റ്റു ചെയ്തത്. 2003 സെപ്തംബർ ഒന്പതിനാണ്് കേസിനാസ്പദമായ സംഭവം.
ആദ്യ വിവാഹം മറച്ചുവച്ച പ്രതി പാണ്ടിക്കാട് സ്റ്റേഷൻ പരിധിയിലെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും, വിനോദ യാത്രയ്ക്ക് കൊണ്ടുപോയി ഏഴുപവൻ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്. ഈ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലറങ്ങി മുങ്ങി നടക്കുകയായിരുന്നു.
2006 ൽ പെരിന്തൽമണ്ണ കോടതി ബിനോയിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലായി മുങ്ങി നടന്ന പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് വച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്.
പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.മുഹമ്മദ് ഹനീഫയുടെ നിർദേശ പ്രകാരം എഎസ്ഐമാരായ പി.അബ്ദുൾ സലാം, കെ.വിജയൻ, സിപിഒമാരായ കെ.ഷൈജു, മിർഷാദ് കൊല്ലേരി, എം.പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.