തിരുവല്ല: വിവാഹ തട്ടിപ്പ് നടത്തി സ്ത്രീകളുടെ സ്വത്തും പണവും അപഹരിക്കുന്ന യുവാവിനെതിരെ ഭാര്യ പോലീസിൽ പരാതി നൽകി. തിരുവല്ല മുത്തൂർ രാമൻചിറ വെട്ടുവേലിൽ വീട്ടിൽ നവാസിനെതിരെ ഭാര്യ ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി മപാറയ്ക്കൽ വീട്ടിൽ ജസ്നയാണ് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.
2013ലാണ് ഇവരുടെ വിവാഹം നടന്നത്. 1.30 ലക്ഷം രൂപയും 75 പവൻ സ്വർണവുമാണ് സ്ത്രീധനമായി വാങ്ങിയത്. വിവാഹത്തിന് ശേഷം ജസ്നയുടെ സ്വർണവും പണവും വിറ്റതായി പരാതിയിൽ പറയുന്നു. ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തു.
ഇയാളുടെ ദുർനടപ്പിനെ തുടർന്ന് അകന്നു കഴിയുകയായിരുന്ന ജസ്നയ്ക്കും മകൾക്കും ഹരിപ്പാട് ജുഡീഷൽ കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടാകുകയും തനിക്കും 14വയസ് പ്രായമുള്ള മകൾക്കും ജീവിതചെലവിന് പ്രതിമാസം 5500 രൂപ നൽകണമെന്നും ഭർത്താവിന്റെ വീട്ടിൽ താമസിക്കുവാനും ഉത്തരവുണ്ടായി. എന്നാൽ കോടതിവിധി പ്രകാരം ചെലവിന് വിധിച്ച തുക നവാസ് നൽകുന്നില്ല.
ജസ്നയുമായുള്ള വിവാഹ ശേഷം നവാസ് കണ്ണൂരിൽ നിന്നും മറ്റൊരു പെണ്‍കുട്ടിയെ ഭാര്യയാണെന്ന് പറഞ്ഞ് കൂടെ താമസിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ ആക്ഷേപം. പിന്നീട് ഈ കുട്ടിയെ ഉപേക്ഷിക്കുകയും കഴിഞ്ഞ ഞായറാഴ്ച പെരുന്പാവൂരിലുള്ള മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.
മഹൽ കമ്മിറ്റി അറിയാതെയും നിയമപ്രകാരമുളള ഭാര്യ നിലനിൽക്കേ ബാധ്യതകൾ തീർക്കാതെ ഇയാൾ ദുർനടപടി തുടരുകയാണ്.ജസ്ന ഇപ്പോൾ സഹോദരന്റെയും മാതാപിതാക്കളുടെ സംരക്ഷണത്തിലാണ്. പിതാവ് വൃക്ക രോഗബാധിതനായി ഡയാലിസീസിനു വിധേയനായി വരികയാണ്. കോടതി വിധിപ്രകാരം അനുവദിച്ചിട്ടുള്ള വീടും പണവും ലഭിക്കണമെന്നാണ് ജസ്നയുടെ ആവശ്യം.