മാവേലിക്കര: വിവാഹ വാഗ്ദാനം നൽകി പണം അപഹരിച്ച പരാതിയിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട പെരുമ്പട്ടി തേനയംപ്ലാക്കൽ സജികുമാർ (മണവാളൻ സജി-47) ആണ് അറസ്റ്റിലായത്.
ഓൺലൈൻ വിവാഹപംക്തിയിലെ പരസ്യം കണ്ട് ആളുകളെ വിളിച്ചു ബന്ധം സ്ഥാപിച്ച ശേഷം പണം തട്ടിപ്പ് നടത്തുന്ന ഇയാളെ ഇന്നലെ നാട്ടകത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഇയാളിൽനിന്നു ലഭിച്ച 2 തിരച്ചറിയൽ രേഖകളൊന്നിൽ എറണാകുളം കോതമംഗലം രാമനെല്ലൂർ കാഞ്ഞിക്കൽ വീട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാവേലിക്കര സ്വദേശിനിയെ വിവാഹപ്പരസ്യത്തിലൂടെ പരിചയപ്പെട്ട ഇയാൾ തന്റെ ആഡംബര കാർ അപകടത്തിൽപ്പെട്ടെന്നും തകരാർ പരിഹരിക്കാൻ രണ്ടര ലക്ഷം രൂപ നൽകണമെന്നു ആവശ്യപ്പെട്ടു.
കോടിക്കണക്കിനു രൂപയുടെ ആസ്തിയും സ്വർണവും ഉണ്ടെന്നു വിശ്വസിപ്പിച്ച ഇയാൾക്ക് മാവേലിക്കര സ്വദേശിനി പണം അയച്ചു നൽകി. പണം ലഭിച്ചതിനു ശേഷം വിളിക്കുന്നതും സന്ദേശം അയക്കുന്നതും നിർത്തി.
പ്രതിക്കെതിരേ യുവതി പൊലീസിൽ പരാതി നൽകി. പ്രതിയെ മാവേലിക്കര സ്വദേശിനി നേരിട്ടു കണ്ടിട്ടില്ലായിരുന്നു സജികുമാർ അയച്ചു നൽകിയ ചിത്രത്തിൽ രേഖപ്പെടുത്തിയ ഹോട്ടലിന്റെ പേരാണു പ്രതിയെ തിരിച്ചറിയാൻ സഹായകമായത്.
നാട്ടകം സ്വദേശിനിക്കൊപ്പം സജികുമാർ താമസിക്കുന്നുവെന്ന സൂചനയെത്തുടർന്നാണ് എസ്ഐ നൗഷാദ് ഇബ്രാഹി, എഎസ്ഐ എബി, സിവിൽ പോലീസ് ഓഫിസർമാരായ പ്രതാപ്, വിനോദ്, വനിത സിവിൽ പൊലീസ് ഓഫിസർ സിന്ധു എന്നിവരുടെ നേതൃത്വത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പരിചയപ്പെട്ട ശേഷം ഉന്നത ജോലിയാണെന്നും സാമ്പത്തികമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു തട്ടിപ്പ് നടത്തിയിരുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധയിടങ്ങളിൽ ഇയാൾ വിവാഹത്തട്ടിപ്പ് നടത്തിയതായാണു പ്രാഥമിക സൂചന.