തലശേരി: സഹോദരിയെ വിവാഹംകഴിച്ച് നൽകാമെന്ന് പറഞ്ഞ് അറുപത്തൊന്നുകാരനിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതി പോലീസ് വലയിലായി. കൊയിലാണ്ടി പയ്യോളി സ്വദേശിയെയാണ് ന്യൂമാഹി പ്രിൻസിപ്പൽ എസ്ഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്. എറണാകുളം സ്വദേശിയാണ് തട്ടിപ്പിനിരയായത്.
വധുവിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് 61കാരൻ പത്രത്തിൽ നൽകിയ പരസ്യമാണ് സംഭവങ്ങളുടെ തുടക്കം. പരസ്യത്തിലെ ഫോൺ നന്പറിലേക്ക് വിളിച്ച പ്രതി സഹോദരിയെ വിവാഹം ചെയ്ത് നൽകാമെന്ന് പറയുകയായിരുന്നു. താലിമാലയും വിവാഹ ആവശ്യത്തിനുള്ള പണവുമായി മാഹി പാലത്തിന് സമീപമെത്താൻ പറയുകയും ഇവിടെവച്ച് തന്ത്രപൂർവ്വം പണവു സ്വർണവും കവരുകയും ചെയ്തു. രണ്ടുപവന്റെ താലിമാലയാണ് പരാതിക്കാരൻ കൈയിൽ കരുതിയിരുന്നത്.
സഹോദരിയെ പരിചയപ്പെടുത്തിയ ശേഷം മാല പൂജയ്ക്കായി വാങ്ങി കടന്നുകളയുകയായിരുന്നു. സംസ്ഥാനത്തുടനീളം ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യംചെയ്ത് വരികയാണെന്ന് അറിയുന്നു.