കൊച്ചി: വിവാഹിതനാണെന്ന വിവരം മറച്ചു വച്ച് വിവാഹം കഴിച്ച തലയോലപ്പറന്പ് സ്വദേശിയായ റിട്ടയേഡ് എഎസ്ഐക്കെതിരേ പരാതിയുമായി യുവതി വനിതാ കമ്മീഷൻ അദാലത്തിൽ. എറണാകുളം വൈഎംസിഎയിൽ നടന്ന അദാലത്തിലാണ് പുത്തൻ കുരിശ് സ്വദേശിനിയായ യുവതി തൃപ്പൂണിത്തുറ എഎസ്ഐയായിരുന്ന ആൾ വിവാഹം കഴിച്ച് വഞ്ചിച്ചുവെന്ന ആരോപണവുമായെത്തിയത്. യുവതി തൃപ്പൂണിത്തുറയിലെ സ്വകാര്യ ബാങ്കിൽ സ്വീപ്പറായി ജോലി നോക്കുന്നതിനിടെയായിരുന്നു സംഭവം.
അന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിൽ എഎസ്ഐയായിരുന്നയാളുമായി പരിചയത്തിലാവുകയും തുടർന്ന് ഇയാൾ യുവതിയെ വിവാഹത്തിന് നിർബന്ധിക്കുകയുമായിരുന്നു. വീട്ടുകാരുമായി ആലോചിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞതോടെ ഇയാൾ വീട്ടിൽ വന്ന് വിവാഹാലോചന നടത്തുകയും തുടർന്ന് തലയോലപ്പറന്പിലുള്ള ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
ബന്ധുക്കളോടൊത്ത് വിവാഹത്തിനെത്തുമെന്ന് അറിയിച്ചിരുന്ന ഇയാൾ ഒറ്റയ്ക്കാണ് വിവാഹ ചടങ്ങുകൾക്കെത്തിയത്. തുടർന്ന് വിവാഹശേഷം വാടകവീട്ടിലേക്ക് മാറുകയായിരുന്നു. വിവാഹം നടന്ന് ഒൻപതാം ദിവസം അത്യാവശ്യമായി പുറത്ത് പോയിവരാമെന്ന് പറഞ്ഞ് ഇറങ്ങിയ അദ്ദേഹം പിന്നീട് തിരികെ വരാതിരുന്നതിനെത്തുടർന്ന് യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വിവാഹിതനും പ്രായപൂർത്തിയായ കുട്ടികൾ ഉള്ളയാളാണെന്നും മനസിലായത്.
ഇതിനെതിരെ യുവതി പുത്തൻ കുരിശ് പോലീസിൽ പരാതി നൽകി.ഈ കേസ് നടക്കുന്നതിനിടെ പ്രതിയായ റിട്ട. ഉദ്യോഗസ്ഥനും കുടുംബവും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനെത്തുടർന്നാണ് യുവതി വനിതാ കമ്മീഷനെ സമീപിച്ചത്. കുറ്റപത്രം ഹാജരാക്കാൻ കമ്മീഷൻ പോലീസിന് നിർദേശം നൽകി.
ഇന്നലെ 90 പരാതികളാണ് കമ്മീഷനു മുന്‍പാകെ എത്തിയത്. ഇതിൽ 24 എണ്ണം തീർപ്പാക്കി. 41 കേസുകൾ അടുത്ത സിറ്റിംഗിനായി മാറ്റിവച്ചു. 16 കേസുകളിൽ വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി, ആറ് കേസുകൾ ആർഡിഒയ്ക്ക് കൈമാറുകയും മൂന്ന് കേസുകൾ കൗണ്‍സിലിംഗിനായി അയയ്ക്കുകയും ചെയ്തു.
കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, അംഗങ്ങളായ ഷിജി ശിവജി, ഇ.എം. രാധ, ഷാഹിദ കമാൽ, ഡയറക്ടർ വി.യു. കുര്യാക്കോസ്, ആനി പോൾ, വനിതാസെൽ എസ്ഐ സോണ്‍ മേരിപോൾ, ഷെറിൻ പോൾ എന്നിവർ പങ്കെടുത്തു.