കൊല്ലം : രേഖകള്‍ ചിതലരിച്ചതിനാല്‍ വിവരം ലഭ്യമല്ലെന്ന ന്യായം വിവരാവകാശ നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ പറഞ്ഞു. വിവരാവകാശ ഓഫീസര്‍മാര്‍ക്കായി പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേടുപാടുകള്‍ സംഭവിക്കാതെ രേഖകള്‍ സൂക്ഷിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഏതെങ്കിലും കാരണത്താല്‍ രേഖകള്‍ക്ക് നാശം സംഭവിച്ചാല്‍ അപ്പോള്‍തന്നെ മേലധികാരിയെ അറിയിച്ചിരിക്കണം. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ ഉദ്യോഗസ്ഥര്‍ രേഖകള്‍ ചിതലരിച്ചെന്നു പറയുന്നതില്‍ അര്‍ഥമില്ല. കഴിയുമെങ്കില്‍ ഇത്തരം രേഖകള്‍ പുനര്‍നിര്‍മിച്ചു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് കഴിയുന്നത്ര വേഗം ഉത്തരം നല്‍കണം. 30 ദിവസംവരെ കാത്തുനിന്ന് ഉത്തരം നല്കുന്ന പ്രവണത അവസാനിപ്പിക്കണം. മറ്റ് ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട വിവരങ്ങള്‍ കൂടിയാണ് ചോദിക്കുന്നതെങ്കില്‍ ആയത് അപേക്ഷകനെ അറിയിക്കുകയും അപേക്ഷയുടെ പകര്‍പ്പ് ഇതര ഓഫീസുകളിലേക്ക് അയച്ചു കൊടുക്കുകയും വേണം.
ഓഫീസില്‍ ലഭ്യമായ വിവരങ്ങള്‍ മാത്രം നല്കിയാല് മതിയാവും. യാത്രചെയ്ത് അന്വേഷണം നടത്തി കണ്ടെത്തി നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ ഓഫീസിന്റെ കൂടുതല്‍ സമയം ആവശ്യമുള്ളതും പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതുമായ വിവരങ്ങളാണ് ചോദിക്കുന്നതെങ്കില്‍ ആയത് നേരിട്ടെത്തി പരിശോധിക്കാന്‍ നിര്‍ദേശിക്കാവുന്നതാണ്.
വിവരാവകാശ നിയമപ്രകാരമുള്ള തുക മാത്രമേ രേഖകള്‍ക്കായി അപേക്ഷകന് ഒടുക്കേണ്ടതുള്ളു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ വെബ്സൈറ്റ് പോലുള്ള മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ഓഫീസിന്റെ സുതാര്യത വര്‍ധിപ്പിക്കണം.
ഒരാള്‍ വിവരാവകാശത്തെ ഭയക്കുന്നുവെങ്കില്‍ അവിടെ അഴിമതിയുടെ സാധ്യതയുണ്ടെന്ന് വേണം കരുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ കമ്മീഷണര്‍മാരായ എസ് സോമനാഥന് പിള്ള, ഡോ കെ എല്‍ വിവേകാന്ദന്, കെ വി സുധാകരന്, പി ആര് ശ്രീലത, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, എ ഡി എം പി.ആര്.ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.