കൊല്ലം: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിൽ ഓടുന്ന വിവേക് എക്സ്പ്രസ് ട്രെയിൻ ( സൂപ്പർ ഫാസ്റ്റ് ) ഇനി ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനം. ദിബ്രുഗഡ് -കന്യാകുമാരി റൂട്ടിൽ ഓടുന്ന ഈ ട്രെയിൻ ആഴ്ചയിൽ അഞ്ച് ദിവസമാണ് നിലവിൽ സർവീസ് നടത്തുന്നത്. പ്രതിദിന സർവീസ് ആകുമ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.
22504 ദിബ്രുഗഡ് -കന്യാകുമാരി എക്സ്പ്രസ് ജൂലൈ എട്ടു മുതലും 22503 കന്യാകുമാരി -ദിബ്രുഗഡ് എക്സ്പ്രസ് 12 മുതലുമാണ് പ്രതിദിന സർവീസായി മാറുന്നത്. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ദിബ്രുഗഡിൽ നിന്ന് ആരംഭിച്ച് തെക്കേ അറ്റത്തുള്ള തമിഴ്നാട് കന്യാകുമാരിയിൽ സർവീസ് അവസാനിക്കുന്നു എന്നതാണ് ഈ ട്രെയിന്റെ ഏറ്റവും വലിയ പ്രത്യേകത. 4189 കിലോമീറ്ററാണ് റൂട്ടിലെ ദൈർഘ്യം. 74 മണിക്കൂർ 35 മിനിട്ടാണ് യാത്രാ സമയം.
അസം, ബിഹാർ, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ്, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനിന് 57 സ്റ്റോപ്പുകളാണുള്ളത്. ജാർഖണ്ഡിലെ രണ്ട് ജില്ലകളിലൂടെ ട്രെയിൻ പോകുമെങ്കിലും പ്രസ്തുത സംസ്ഥാനത്ത് ഒരു സ്റ്റോപ്പ് പോലുമില്ല.
കേരളത്തിൽ പാലക്കാട് ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം സെൻട്രൽ എന്നിവയാണ് സ്റ്റോപ്പുകൾ. സംസ്ഥാനത്ത് ഈ ട്രെയിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അതിഥി തൊഴിലാളികളാണ്. വടക്കുകിഴക്കൻ അതിർത്തി റെയിൽവേയുടെ കീഴിൽ 2011 നവംബർ പത്ത് മുതലാണ് വിവേക് എക്സ്പ്രസ് ആരംഭിച്ചത്.
ദൂരവും സമയവും അനുസരിച്ച് ഇന്ത്യയിലെ ദൈർഘ്യമേറിയ ട്രെയിൻ എന്നതിൽ ഉപരി ദൈർഘ്യത്തിൽ ലോകത്തിലെ 28-ാം സ്ഥാനവും വിവേക് എക്സ്പ്രസിനാണ്. ഒരു സെക്കൻ്റ് ക്ലാസ് ഏസി ടൂടയർ, നാല് തേർഡ് ഏസി ത്രീടയർ, 11 സ്ലീപ്പർ ക്ലാസ്, മൂന്ന് അൺറിസർവ്ഡ്, ഒരു പാൻട്രി കാർ അടക്കം 22 എൽഎച്ച്ബി കോച്ചുകളാണ് വണ്ടിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
എല്ലാ കോച്ചുകളിലും സിസിടിവി കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി ഈ ട്രെയിൻ യാത്രക്കാരുടെ ഫുൾ റിസർവേഷനിലാണ് ഓടുന്നത്. ഇരുനൂറോളം പേർ എല്ലാ സർവീസിലും വെയിറ്റിംഗ് ലിസ്റ്റിലും ഉണ്ടാകും. ഇത് മുഖ്യമായും പരിഗണിച്ചാണ് വണ്ടി പ്രതിദിന സർവീസായി ഉയർത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്.
എസ്.ആർ. സുധീർ കുമാർ