ശൈത്യകാലത്ത് വീടിനകത്ത് കഴിയാന്‍ ആളുകള്‍ ശ്രമിക്കുന്നത് കോവിഡ് വ്യാപനത്തെ അതിരൂക്ഷമാക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേശകന്‍ ഡോ വിവേക് മൂര്‍ത്തി.
മുന്‍ സര്‍ജന്‍ ജനറലായ ഈ 43കാരന്‍ ഇന്ത്യന്‍ വംശജനാണ്. കോവിഡ് ഉപദേശക സമിതി അധ്യക്ഷ പദവി പങ്കിടുന്ന വിവേക് മൂര്‍ത്തി ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു. ശൈത്യകാലം കോവിഡ് വ്യാപനത്തിന് ഏറെ സാധ്യതയുള്ള സമയമാണ്.
തണുപ്പിനെ അകറ്റാന്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാകും. ഇത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിവേക് മൂര്‍ത്തി മുന്നറിയിപ്പ് നല്‍കി.
പുറത്തെ സാഹചര്യങ്ങളെ അപേക്ഷിച്ച് വീട്ടിനുള്ളില്‍ വൈറസ് വ്യാപനം അതിവേഗം നടക്കും. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം.
നൈറ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യം കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കും.
അമേരിക്കയില്‍ സംഭവിച്ചത് ഇതാണെന്നും വിവേക് മൂര്‍ത്തി ഓര്‍മിപ്പിച്ചു. ഇടയ്ക്കിടെ കൈ കഴുകുക. മാസ്‌ക് ധരിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക. കേള്‍ക്കുമ്പോള്‍ ഇത് വളരെ ചെറുതായി തോന്നാം.
എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ ഇവയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചും ട്രേസിംഗ് കൂടുതല്‍ കാര്യക്ഷമമാക്കിയും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കണമെന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡന്‍ പറയുന്നതെന്നും ഡോ.വിവേക് മൂര്‍ത്തി പറഞ്ഞു.